കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി കൂടുതല്‍ ‘ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍’. പൊതുജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്ന റോഡിലെ കര്‍ശന പരിശോധനകളും നോട്ടീസയയ്ക്കലും നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനുള്‍പ്പെടെ നിര്‍ദേശം നല്‍കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആരംഭിച്ചു.പൊതുവേ നിരത്തുകളില്‍ നിയമലംഘനങ്ങളില്പെട്ട് വലിയ തുക പലര്‍ക്കും പിഴയായി വരുന്നുണ്ട്.
എഐ കാമറകളും ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള പരിശോധനയും സര്‍ക്കാരിനെതിരേ പെതുജനങ്ങളുടെ വികാരം ഉയര്‍ത്തുന്നുണ്ട്. ഇതുകൂടി മുന്നില്‍ കണ്ട് തദ്ദേശതെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ എങ്ങനെ വേണമെന്നാണ് സര്‍ക്കാര്‍ തലത്തില്‍ ചിന്തിക്കുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സര്‍ക്കാരിന് എഐ കാമറവഴിയുള്ള നിയമലംഘനവും അതുവഴി ലഭിക്കുന്ന പിഴത്തുകയും ഏറെ ആശ്വാസമായിരുന്നു.
ഇതിനുമപ്പുറത്ത് റോഡിലിറങ്ങി ‘ക്വാട്ട’ തികയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ഇറങ്ങിയതോടെ മോട്ടോര്‍ വാഹന വകുപ്പിനെതിരായ വികാരം കൂടുതല്‍ ശക്തമായി. നിലവില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ പൊതുജനങ്ങളുടെ രോഷം ഏറെ എറ്റുവാങ്ങേണ്ടിവരുന്ന വകുപ്പായി മോട്ടോര്‍ വാഹന വകുപ്പ് മാറിയെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പരിശോധന ഒന്ന് ചവിട്ടി പിടിക്കാനാണു തീരുമാനം.
വാഹന പരിശോധനയുടെ പേരില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കാനും ഉദ്യോഗസ്ഥതലത്തില്‍ ചര്‍ച്ചയുണ്ട്. അതേസമയം തെരഞ്ഞെടുപ്പുവേളയില്‍ കള്ളപ്പണമൊഴുക്ക് ഉള്‍പ്പെടെ തടയാന്‍ പ്രത്യേക എന്‍ഫോഴ്സ്മെന്റ് സംഘം പരിശോധന നടത്തുന്നതു പതിവാണ്. ഇവര്‍ മറ്റ് നിയമലംഘനങ്ങള്‍ കൂടി കണ്ടുപിടിക്കട്ടെ എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
റോഡിലിറങ്ങിയുള്ള പരിശോധന യാത്രാക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന നിലപാട് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇതുകൂടി പരിഗണിച്ചാണ് ഗ്രാമവഴികളില്‍ ഉള്‍പ്പെടെ പരിശോധനയില്‍ നിയന്ത്രണം വരുത്താന്‍ തീരുമാനിച്ചത്. അതേസമയം ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ കൂടി കാര്യങ്ങള്‍ ചര്‍ച്ചചെയ്തശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. സര്‍ക്കാര്‍ ഏറെ അഭിമാനകരമായ നേട്ടമായി ഉയര്ത്തുന്നആറുവരി ദേശീയപാതയില്‍ പോലും കാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ പിഴ ഈടാക്കിത്തുടങ്ങിയിട്ടില്ല.
- സ്വന്തം ലേഖകന്‍

