കോട്ടയം: പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി സ്വകാര്യ ഭൂമിയില്‍ വൃക്ഷത്തിന്റെ സാന്ദ്രത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രീ ബാങ്കിംഗ് പദ്ധതിയുമായി വനംവകുപ്പ്.
പദ്ധതിയുടെ ഭാഗമായി അത്യാവശ്യം ഭൂമിയുണ്ടെങ്കില്‍ മരം നട്ടുവളര്‍ത്തി കാശുണ്ടാക്കാം. വനം വകുപ്പിനു കീഴിലുള്ള സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിക്കുള്ള അപേക്ഷ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം ക്ഷണിച്ചു. സ്വന്തമായി ഭൂമിയുള്ളവര്‍ക്കോ കുറഞ്ഞത് 15 വര്‍ഷം ലീസിന് ഭൂമി കൈവശമുള്ളവര്‍ക്കോ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതത് സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസില്‍ പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്യാം.
സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന വ്യക്തികള്‍ക്ക് 15 വര്‍ഷംവരെ ധനസഹായം ലഭിക്കും. 15 വര്‍ഷം പൂര്‍ത്തിയായശേഷം സ്ഥലം ഉടമയ്ക്ക് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷണല്‍ ഓഫീസിന്റെ അനുമതിയോടെ മരങ്ങള്‍ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വില്പന നടത്തുകയോ ചെയ്യാം.
പദ്ധതിയില്‍ അംഗങ്ങളാകുന്നവര്‍ വനംവകുപ്പുമായി കരാറില്‍ ഏര്‍പ്പെടണം. തേക്ക്, ഈട്ടി, ചന്ദനം, പ്ലാവ്, ആഞ്ഞിലി, തമ്പകം, കരിമരുത്, കുമ്പിള്, വെന്തേക്ക് എന്നീ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനാണ് ധനസഹായം. ഈ വര്‍ഷം ചന്ദനത്തൈകള്ക്കാണ് മുന്‍തൂക്കം.
ചുരുങ്ങിയത് 10 തൈകള്മുതല് പരമാവധി 1000 തൈകള്‍വരെ നട്ടുപരിപാലിക്കണം. തൈകള്‍ സൗജന്യമായി വനംവകുപ്പ് നല്‍കും. തൈകള്‍ നട്ടു മൂന്നു വര്‍ഷത്തിനു ശേഷമാണ് ധനസഹായം നല്കിത്തുടങ്ങുക.
10 മുതല്‍ നൂറുവരെ മരങ്ങള്‍ക്ക് പ്രതിവര്‍ഷം ഒരു മരത്തിന് 30 രൂപയും 101-250 മരങ്ങള്‍ക്ക് പ്രതിവര്‍ഷം ഒരു മരത്തിന് 25 രൂപയും 251-500 മരങ്ങള്‍ക്ക് 20 രൂപയും 501-750 മരങ്ങള്‍ക്ക് 15 രൂപയും, 751-1000 മരങ്ങള്‍ക്ക് 10 രൂപയുമാണ് ധനസഹായമായി നല്‍കുന്നത്.
പദ്ധതിക്കായി അപേക്ഷിക്കേണ്ട അവസാന തീയതി 15. കൂടുതല്‍ വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ വെബ്സൈറ്റോ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്/റെയിഞ്ച് ഫോറസ്റ്റ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 0481-2310412, 8547603640, 8547603650.