നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരും! നടി ജ്യോതികൃഷ്ണയ്‌ക്കെതിരേ നടന്നത് ഫേസ്ബുക്ക് ക്ലോണിംഗ്; ഫേസ്ബുക്ക് ക്ലോണിംഗ് എന്ന സൈബര്‍ കുറ്റകൃത്യം ഇങ്ങനെ…

ഇന്ന് ഫേസ്ബുക്ക് ഉപയോക്താക്കളെ ഭയപ്പെടുത്തുന്ന കുറ്റകൃത്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഫേസ്ബുക്ക് ക്ലോണിംഗ്. ഹാക്കിംഗിന്റെ മറ്റൊരു വകഭേദമാണിത്. പലപ്പോഴും ഫേസ്ബുക്ക് സുഹൃത്തുക്കളുടെ തന്നെ ഫ്രണ്ട് റിക്വസ്റ്റ് വീണ്ടും കണ്ടിട്ടുണ്ടായിരിക്കും. മുന്‍പ് കണ്ടിട്ടുണ്ടെന്ന് തോന്നിയാലും നാം ചിലപ്പോള്‍ റിക്വസ്റ്റ് സ്വീകരിക്കുകയും ചെയ്യും. ധാരാളം ഫ്രണ്ട്‌സുള്ളവരാണ് പലപ്പോഴും ശ്രദ്ധിക്കാതെ സുഹൃത്തിനെ സ്വീകരിക്കുന്നത്. അവരില്‍ നിന്നുള്ള സന്ദേശങ്ങളും ചിലപ്പോള്‍ സ്വീകരിക്കും. അടുത്തിടെ നടി ജ്യോതികൃഷ്ണയ്‌ക്കെതിരെ നടന്നതും ഫേസ്ബുക്ക് ക്ലോണിങ് ആക്രമണമായിരുന്നു. അതായത് ഒറിജിനലിനെ വെല്ലുന്ന വ്യാജനുണ്ടാക്കി പോസ്റ്റുകളും മെസേജുകളും പ്രചരിപ്പിക്കുക.

സിനിമാതാരങ്ങളാണ് ഫേസ്ബുക്ക് ക്ലോണിംഗിന് ഇരയാകുന്നവരില്‍ വലിയൊരു പങ്കും. മിക്ക നടിമാരുടെയും പേരില്‍ നിരവധി പ്രൊഫൈലുകളും പേജുകളും കാണാം. അവരുടെ പ്രൊഫൈല്‍ ഫോട്ടോകളും സ്റ്റാറ്റസുകളും അതുപോലെ കോപ്പിയടിച്ച് ആരാധകരെ തെറ്റിദ്ധരിപ്പിക്കുന്നവരും കുറവല്ല. ഇത്തരം വ്യാജ അക്കൗണ്ടുകള്‍ തെറ്റായ വിവരങ്ങളും സ്പാം മെസേജുകളും അതോടൊപ്പം ഓണ്‍ലൈന്‍ തട്ടിപ്പുകളും പ്രചരിപ്പിക്കാനുമാണ് ഉപയോഗിക്കുന്നത്. സുഹൃത്തിന്റെ സന്ദേശങ്ങള്‍ സാധാരണ ആരും തന്നെ അവഗണിക്കില്ല എന്നുള്ളതാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് കളമൊരുക്കാന്‍ കാരണം. ഫേസ്ബുക്ക്് അക്കൗണ്ട് ക്ലോണ്‍ ചെയ്യാനുള്ള സാധ്യത പൂര്‍ണമായും ഒഴിവാക്കാന്‍ പ്രയാസമാണ്. എന്നിരുന്നാലും അപരിചിതരില്‍ നിന്നും നിങ്ങളുടെ വിവരങ്ങള്‍ മറക്കുന്ന സ്വകാര്യത ക്രമീകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഒരു പരിധിവരെ ലഘൂകരിക്കാനാവും.

ഫേസ്ബുക്ക് ക്ലോണിംഗിനെ ഒരു പരിധിവരെ ചെറുക്കാന്‍ ചില മുന്‍കരുതല്‍ കൊണ്ട് കഴിയും. Who can see your friends list എന്നത് only me എന്നാക്കുക. who do you want see your next post? എന്നത് Friends എന്നാക്കുക. പോസ്റ്റ് ചെയ്ത ഫോട്ടോ ഓപ്ഷനില്‍ friends എന്നാക്കി മാറ്റുക. നിങ്ങളുടെ അക്കൗണ്ട് ഇതിനകം ക്ലോണ്‍ ചെയ്തിട്ടുണ്ടെന്ന് തോന്നിയാല്‍ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യുക. ഈ വിവരം സുഹൃത്തുക്കളെ ഉടന്‍ തന്നെ ധരിപ്പിക്കുക. എന്റെ പ്രൊഫൈലില്‍ വീണ്ടും റിക്വസ്റ്റ് വന്നാല്‍ അത് സ്വീകരിക്കരുതെന്ന് അറിയിക്കുക. ഇത്തരത്തില്‍ ക്ലോണിംഗ് പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ തടയിടാനാവും.

 

Related posts