മയ്യിൽ: വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് പെട്രോൾ ഒഴിച്ച് തീകൊളുത്തികൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കുറ്റ്യാട്ടൂർ ഉരുവച്ചാലിലെ വാടക വീട്ടിൽ താമസിക്കുന്ന പ്രവാസിയായ കാരപ്പുറത്ത് വീട്ടിൽ ഒ.വി. അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) ഇന്ന് പുലർച്ചെ നാലോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ മരിച്ചത്.
തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടയിൽ വീട്ടിലെത്തിയ ഇരിക്കൂർ കുട്ടാവ് സ്വദേശി ജിജേഷിനും (40) സാരമായി പൊളളലേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു കുറ്റ്യാട്ടൂരിനെ നടുക്കിയ സംഭവം. വെള്ളം ചോദിച്ച് വീടിന് പിന്നിൽ എത്തിയ ജിജേഷ് അടുക്കളയിൽ കയറി പ്രവീണയുടെ മേൽ എന്തോ ദ്രാവകം ഒഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. തുടർന്ന് സ്വയം തീ കൊളുത്തിയ ജിജേഷിനും പൊള്ളലേറ്റു.
യുവതിയെ തീകൊളുത്തിയ ശേഷം യുവാവ് സ്വയം ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുള്ളറ്റിലാണ് ജിജേഷ് എത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന അജീഷിന്റെ അച്ഛന്റെയും സഹോദരിയുടെ മകളുടെയും ബഹളം കേട്ടെത്തിയ നാട്ടുകാർ ഗുരുതരമായിപൊള്ളലേറ്റ ഇരുവരെയും കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പെരുവളത്തുപറന്പ് കുട്ടാവിലെ പട്ടേരി ഹൗസിൽ ജിജേഷും പ്രവീണയും ഒരേ നാട്ടുകാരാണെന്നും ഇവർ തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നതായും പോലീസ് പറയുന്നു. എന്നാൽ, അക്രമത്തിനു കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സമീപത്തെ പെട്രോൾ പമ്പ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നി ന്നുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.
കൂടാതെ, ഇരുവരുടെയും മൊബൈൽ ഫോണുകളും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തീവ്രപരിചരണവിഭാഗത്തിലുള്ള ജിജേഷിന്റെ പേരിൽ വധശ്രമത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.