മീനിലെ വിഷാംശം കണ്ടെത്താനുള്ള കിറ്റിന് വെറും രണ്ടു രൂപ മാത്രം, നിമിഷങ്ങള്‍ക്കുള്ളില്‍ വിഷമീനാണോ അല്ലയോയെന്നു കണ്ടെത്താം, സിഫ്റ്റിന്റെ പുതിയ പരീക്ഷണ കിറ്റിനെപ്പറ്റി കൂടുതലറിയാം

ബിജോ ടോമി

മത്സ്യങ്ങളില്‍ കലര്‍ത്തുന്ന രാസവസ്തുക്കള്‍ കണ്ടെത്തുന്നതിനുള്ള സംവിധാനം കുറഞ്ഞ ചെലവില്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കാനൊരുങ്ങി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഫ്റ്റ്). ഒരു മാസത്തിനുള്ളില്‍ ടെസ്റ്റിംഗ് കിറ്റുകള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമായി തുടങ്ങും. ഒരു ടെസ്റ്റിനു രണ്ടു രൂപ മാത്രമേ ചെലവാകൂ.

മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന അമോണിയ, ഫോര്‍മലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ കണ്ടെത്തുന്നതിനാണു കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഫ്റ്റ് പേപ്പര്‍ സ്ട്രിപ്പ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നതെന്നു പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. അശോക് കുമാര്‍ പറഞ്ഞു.

ടെസ്റ്റിംഗ് കിറ്റുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കുന്നതിനു മുംബൈയിലെ ഒരു കമ്പനിയുമായി ധാരണയിലെത്തിയിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളില്‍ കരാര്‍ ഒപ്പിടും. കിറ്റിലെ ചെറിയ സ്ട്രിപ്പ് മീനില്‍ അമര്‍ത്തിയശേഷം അതിലേക്ക് ഒരു തുള്ളി രാസലായനി ഒഴിക്കണം. നിറവ്യത്യാസം നോക്കി മായം ചേര്‍ക്കല്‍ തിരിച്ചറിയാനാവും.

ഫോര്‍മലിന്‍, അമോണിയ എന്നിവ കണ്ടെത്താന്‍ രണ്ടു കിറ്റുകളാണുണ്ടാവുക. ഒരു കിറ്റില്‍ 100 സ്ട്രിപ്പുകളുണ്ടാകും. ഇപ്പോ ള്‍ ഇത്തരം പരിശോധനകള്‍ക്ക് രണ്ടായിരം രൂപ വരെ ചെലവുണ്ട്.

സിഫ്റ്റില്‍ വലിയ അളവില്‍ കിറ്റുകള്‍ നിര്‍മിച്ചു നല്‍കുന്നതിന് പരിമിതികളുള്ളതിനാലാണു സ്വകാര്യകമ്പനിക്കു കരാര്‍ നല്‍കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും മറ്റും ആവശ്യമായ ടെസ്റ്റിംഗ് കിറ്റുകള്‍ മാത്രമാണ് സിഫ്റ്റ് ലഭ്യമാക്കുന്നത്.

സംസ്ഥാന ഭക്ഷ്യസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും അടുത്തിടെ നടത്തിയ പരിശോധനകളില്‍ ഈ ടെസ്റ്റ് കിറ്റാണ് ഉപയോഗിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് സിഫ്റ്റിന്റെ പേപ്പര്‍ സ്ട്രിപ് സാങ്കേതിക വിദ്യ ഡല്‍ഹിയില്‍ അവതരിപ്പിച്ചത്. ഫെബ്രുവരിയില്‍ തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ചിരുന്നു.

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചതോടെ ഇതരസംസ്ഥാനങ്ങളില്‍നിന്നു വലിയ അളവില്‍ മാരക രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യങ്ങള്‍ കേരളത്തിലേക്കു എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ മൂന്നാം ഘട്ട പരിശോധനയില്‍ ഫോര്‍മലിന്‍ കലര്‍ന്ന 6,000 കിലോ ചെമ്മീന്‍ പിടികൂടിയിരുന്നു. മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനു ഉപയോഗിക്കുന്ന അമോണിയ, ഫോര്‍മലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുക.

Related posts