ഗാന്ധിനഗര്‍: ഭക്ഷ്യ വിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് അസ്ഥിരോഗ വിഭാഗം തീവ്ര പരിചരണ വിഭാഗത്തിലെ നഴ്സിംഗ് ഓഫീസറായ രശ്മി രാജ് (32)ആണ് മരിച്ചത്.
ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പിതാവ് ചന്ദ്രന്. കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്നും ഈ ഗതികേട് ഇനി ആര്‍ക്കും സംഭവിക്കരുതെന്നും ചന്ദ്രന് പറഞ്ഞു.
കഴിഞ്ഞ 29നാണ് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലില്‍നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ അല്‍ഫാം രശ്മി കഴിച്ചത്.
രാത്രിയായപ്പോള്‍ ഛര്‍ദ്ദിലും വയറിളക്കവുമുണ്ടായി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മെഡിസിന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന ഇവരുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ഞായറാഴ്ച വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
ഇന്നലെ ഡയാലിസിസിന് വിധേയയാക്കിയെങ്കിലും രാത്രി ഏഴോടെ മരിച്ചു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
കോട്ടയം തിരുവാര്‍പ്പ് പാലത്തറ രാജു-അംബിക ദമ്പതികളുടെ മകളും തിരുവനന്തപുരം പ്ലാമുട്ടുക്കട തോട്ടത്ത് വിളാക്കത്ത് വിനോദ്കുമാറിന്റെ ഭാര്യയുമാണ് രശ്മി.
ഈ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മറ്റ് 20 പേര്‍ക്കും ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ട്. ഹോട്ടലിന്റെ ലൈസന്‍സ് സസ്പെൻഡ് ചെയ്തു.
ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തിയ ശേഷമാണ് നടപടി സ്വീകരിച്ചത്.
രശ്മിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂ എന്ന് ആശുപത്രി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.