അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ രണ്ടു മൂന്നു തവണ പോയിട്ടുണ്ട്; എനിക്ക് ഭക്ഷണം പാകം ചെയ്തു വിളമ്പിത്തരുമായിരുന്നു; പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായുള്ള നിമിഷങ്ങള്‍ പങ്കുവച്ച് നളിനി ജമീല

മണ്‍മറഞ്ഞ മഹാസാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുമായുള്ള അനുഭവങ്ങള്‍ പങ്കുവച്ച് നളിനി ജമീല. ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് നളിനി ജമീല തന്റെ ഓര്‍മകള്‍ പങ്കുവച്ചത്. നളിനി ജമീല പറയുന്നതിങ്ങനെ…എന്റെ കഥയുടെ അവതാരിക എഴുതിയതു വഴിയാണു പുനത്തിലിനെ ഞാനാദ്യമായി പരിചയപ്പെടുന്നത്. അവതാരിക എഴുതുമ്പോള്‍ എനിക്ക് ആളെ അറിയില്ല. ബുക്ക് റിലീസിങ്ങിന്റെ അന്നാണ് ആദ്യമായി കണ്ടത്. അന്ന് അദ്ദേഹത്തിന്റെ ഇടപെടല്‍ എനിക്ക് ഇഷ്ട്ടപ്പെട്ടു. മഴയില്‍ ബൈക്ക് ഓടിക്കുമ്പോള്‍ എന്ന കവിതയുടെ പ്രകാശനം തിരുവനന്തപുരത്ത് വെച്ച് ഉണ്ടായിരുന്നു. എന്നെയാണു പുസ്തകം ഏറ്റുവാങ്ങി പ്രകാശനം ചെയ്യാന്‍ വിളിച്ചത്. നളിനി ജമീലയാണ് എന്ന് അറിഞ്ഞപ്പോള്‍ പുസ്തകം ഏറ്റുവാങ്ങി എനിക്കു സമ്മാനിക്കേണ്ട സിസ്റ്റര്‍ പിന്മാറി.

അവര്‍ പുനത്തിലിനെ വിളിച്ചു അദ്ദേഹം വന്നു. ആ പ്രകാശനത്തിനു ശേഷം. ഒരു മദ്യപാന ചടങ്ങുണ്ടായിരുന്നു. ആ ഹാളില്‍ അദ്ദേഹം ഇരിക്കുന്നതിന്റെ തൊട്ടടുത്ത് ഒരു കസേര എനിക്കായി വലിച്ചിട്ടു. എന്നോട് അവിടെ ഇരുന്നോളാന്‍ പറഞ്ഞു. ഇരുന്നപ്പോള്‍ എന്റെ കവിളില്‍ ഒരു ഉമ്മ തന്നു. അതു കണ്ടു നിങ്ങള്‍ തമ്മില്‍ ഇങ്ങനെയൊക്കെയുണ്ടോ എന്ന് ഡിസി ശ്രീകുമാര്‍ ചിരിയോടെ തിരക്കി. പക്ഷേ ഞങ്ങളന്ന് അടുത്ത സുഹൃത്തുക്കളായിരുന്നു.എന്റെ മോളു സുഖമില്ലാതെ കോഴിക്കോട് ശാരദാ ഹോസ്പറ്റിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂട്ടുകാരെ വിട്ടിട്ട് സഹായിച്ചു.

പിന്നെ ആള് അളകാപുരിയില്‍ ഉള്ളപ്പോള്‍ ഇടയ്ക്കിടയ്ക്ക് എന്നെ വിളിക്കും. നീയെവിടാ ഇപ്പോള്‍ ഉള്ളത്? എന്നിട്ട് വരാന്‍ പറയും. വരാന്‍ പറ്റുന്ന ദൂരത്താണെങ്കില്‍ ഞാനെത്തും. അങ്ങനെ വിളിക്കാനും പറയാനും അയാളുടെ സ്വകാര്യ കാമുകിമാരെക്കുറിച്ചു പറയാനുമുള്ള സ്വതന്ത്ര്യം ഉണ്ടായിരുന്നു. അയാളുടെ ഫ്ലാറ്റില്‍ രണ്ടു മൂന്നു പ്രാവശ്യം പോയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്തു തരും, വിളമ്പിത്തരും, മദ്യം കഴിക്കും, എല്ലാം സ്വതന്ത്രമായി ചെയ്യാന്‍ പറ്റുമെന്നു തിരിച്ചറിയുന്നൊരാള്‍. തനിയെ ലിഫ്റ്റില്‍ വരാന്‍ പേടിയുണ്ട് എനിക്ക്, അതറിയാവുന്നതു കൊണ്ടു ഞാന്‍ എത്തിയാല്‍ അദ്ദേഹം സെക്യൂരിറ്റിയോടു പറയും ഇന്ന ആളു വരുന്നുണ്ട്. അവരെയൊന്നു ലിഫ്റ്റില്‍ കയറ്റി വിട്ടേക്കണം എന്ന്. അതുപോലെ തിരിച്ച് ഇറങ്ങുമ്പോള്‍ ഞാന്‍ ലിഫ്റ്റില്‍ കയറിയാല്‍ സ്വച്ച് അമര്‍ത്തിവിടും. ഇതെല്ലാം എന്റെ ഒപ്പം നില്‍ക്കണം എന്ന ആഗ്രഹത്തില്‍ നിന്നു വരുന്ന പ്രവര്‍ത്തികളാണ്. എന്നും നളിനി ജമില പറയുന്നു.

 

Related posts