കോഴഞ്ചേരി: വീട്ടുവഴക്കിനിടെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ പുല്ലാട് കാഞ്ഞിരപ്പാറ ആലുംതറ ആഞ്ഞാലിക്കല് ശാരിമോളുടെ (ശ്യാമ – 35) സംസ്കാരം നാളെ. മൃതദേഹം നാളെ രാവിലെ 10.30ന് ഭവനത്തില്‍ കൊണ്ടുവരും. 11 മുതല്‍ 12.30വരെ ആലുംതറ കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനം. രണ്ടിനു സംസ്കാരം നടക്കും. പുല്ലാട് എഡിഎസ് സെക്രട്ടറി കൂടിയായിരുന്ന ശാരിമോള്‍, എംടി എല്‍പി സ്കൂള്‍ പിടിഎ പ്രസിഡന്റുമായിരുന്നു.
ഭര്‍ത്താവ് അജികുമാര്‍ ശനിയാഴ്ച രാത്രി ശാരിമോളെ കുത്തി വീഴ്ത്തിയശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ കഴിയവേ ഞായറാഴ്ച രാവിലെ ശാരിമോള്‍ മരിച്ചു. തടയാനെത്തിയ ശാരിമോളുടെ അച്ഛന് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഗുരുതരാവസ്ഥയില്‍ ഇരുവരും കോട്ടയം മെഡിക്കല്‍ കോളജിലാണ്. ഇവരില്‍ ശശി വെന്റിലേറ്ററിന്റെ സഹായത്താലാണ് ജീവന് നിലനിര്‍ത്തുന്നത്. രാധാമണിയും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. സംഭവം നടന്ന വീടിന്റെ എതിര്‍ഭാഗത്താണു രാധാമണി താമസിക്കുന്നത്. ശാരിമോളുടെ വീട്ടിലെ കരച്ചിലും മറ്റും കേട്ട് ഓടിയെത്തുകയായിരുന്നു ഇവര്‍.
സംഭവത്തിനുശേഷം പത്തനംതിട്ട ഭാഗത്തേക്കു പോയ അജികുമാറിനെ കണ്ടെത്താനുള്ള ശ്രമം പോലീസ് നടത്തിവരികയാണ്. വെല്‍ഡറായി ജോലി നോക്കുന്ന അജികുമാറില്നിന്നു ശാരിമോള്ക്കു മർദനമേല്‍ക്കുന്നതു പതിവായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. ആറുതവണ ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരില്‍ കോയിപ്രം പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടിലെത്തി ശല്യം ചെയ്യരുതെന്ന് പോലീസ് താക്കീത് ചെയ്തിരുന്നു.
ഇതനുസരിച്ച് ആറുമാസം ഇയാള്‍ മാറിനില്‍ക്കുകയും ചെയ്തു. പിന്നീട് കുട്ടികളെ കാണാനെന്നു പറഞ്ഞ് എത്തി വീട്ടില്‍ കടന്നുകൂടുകയായിരുന്നു. സംഭവദിവസം ശാരിമോള്‍ ജോലിനോക്കുന്ന കോഴഞ്ചേരിയിലെ ബ്യൂട്ടി പാര്‍ലറിലെത്തി ഇരുവരും ഒന്നിച്ചാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയതോടെ ബഹളം തുടങ്ങിയ ഇയാള്‍ കുട്ടികള്‍ കരഞ്ഞതോടെ ഭക്ഷണം കഴിച്ചു. പിന്നീട് കുട്ടികള്‍ ഉറങ്ങിയശേഷം ശാരിയുമായി വഴക്കുണ്ടാക്കുകയും കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ചു കുത്തിവീഴ്ത്തുകയുമായിരുന്നു. മൂന്ന് പിഞ്ചുകുട്ടികളും സംഭവസമയം വീട്ടിലുണ്ടായിരുന്നു.
അനാഥമായത് മൂന്ന് ബാല്യങ്ങള്‍
അച്ഛന് അമ്മയെ കുത്തിക്കൊന്നതോടെ അനാഥമായതു മൂന്ന് പിഞ്ചു ബാല്യങ്ങൾ. അജികുമാര്‍ – ശാരിമോള്‍ ദമ്പതികളുടെ മൂത്തമകള്‍ ആവണി ആറാം ക്ലാസിലും രണ്ടാമത്തെ കുട്ടി വേണി മൂന്നിലും ഇളയകുട്ടി ശ്രാവണി എല്‍കെജിയിലുമാണ് പഠിക്കുന്നത്. ഇളയ രണ്ട് കുട്ടികളും പുല്ലാട് എംടിഎല്‍പി സ്കൂളിലെ വിദ്യാര്‍ഥികളാണ്. ഇതേ സ്കൂളിലെ പിടിഎ പ്രസിഡന്റു കൂടിയായിരുന്നു മരിച്ച ശാരിമോള്‍. സ്കൂളിലെ എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുകയും ചെയ്തിരുന്നു.