നെടുങ്കണ്ടം: കൃഷിസ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയെ അജ്ഞാതസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കൈയ്ക്ക് ഗുരുതര പരിക്കേറ്റ യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പാറത്തോട് മേട്ടകിൽ പ്രാവികഇല്ലം രോഹിണി (28) ക്കാണ് വെട്ടേറ്റത്.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. മേട്ടകിൽ സ്കൂളിന് സമീപത്തുള്ള ഇവരുടെ കൃഷിയിടത്തിൽ ഏലക്കായ പറിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ പിന്നിൽനിന്നു ഒരാൾ കൈയിൽ ചെളിയും മണ്ണും നിറച്ച് ബലമായി കണ്ണും മുഖവും പൊത്തി.
ഈ സമയം കൂടെ ഉണ്ടായിരുന്ന രണ്ടാമൻ ഇവരുടെ ഒരു പവന്റെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞ രോഹിണിയെ ഒന്നാമൻ കൈയിലുരുന്ന ആയുധം ഉപയോഗിച്ച് ആക്രമിച്ചു.ആക്രമണത്തിൽ യുവതിയുടെ വലതു കൈപ്പത്തിക്ക് ആഴത്തിൽ മുറിവേറ്റു.
നിലവിളിച്ച യുവതിയെ ആക്രമികൾ തള്ളി താഴെയിട്ട് ഓടി രക്ഷപ്പെട്ടു. ഇവരുടെ നിലവിളി കേട്ടെത്തിയ അയൽക്കാരിയാണ് നെടുങ്കണ്ടം കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

