തെരുവുമക്കള്‍ക്കായി ഉഴിഞ്ഞുവച്ച ജീവിതം! ഈ യുവാവിനെ വ്യത്യസ്തനാക്കുന്നത് ഇതൊക്കെയാണ്! ഗൗതം കുമാറിനേക്കുറിച്ചറിയാം!

hdhrപ്രൊഫഷണല്‍ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്നവര്‍ക്ക് ഒരേയൊരു ലക്ഷ്യമേയുള്ളു. കനത്ത ശമ്പളത്തില്‍ ജോലി കിട്ടണം. പിന്നീട് അത് ഉപയോഗിച്ച് ആഡംബര കാര്‍ വാങ്ങുക, വീട് വയ്ക്കുക അങ്ങനെ നീളുന്നു ആഗ്രഹങ്ങളുടെ ലിസ്റ്റ്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന യുവാക്കളും ഇന്നുണ്ട് എന്നതിന് തെളിവാണ് ഗൗതം കുമാര്‍ എന്ന ഹൈദരാബാദുകാരന്‍. എക്‌സ്പീഡിയ പോലുള്ള വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്ത ജോലി വലിച്ചെറിഞ്ഞാണ് അഞ്ചു വര്‍ഷം മുന്‍പ് ഗൗതം സാമൂഹ്യസേവനത്തിനായി ഇറങ്ങിത്തിരിച്ചത്. നഗരത്തിന്റെ തെരുവുകളില്‍ വീടില്ലാതെ അലയുന്നവരെ സഹായിച്ചു കൊണ്ടായിരുന്നു തുടക്കം. പകല്‍ സമയങ്ങളില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് നഗരത്തിലെ ഭവനരഹിതര്‍ക്കും വിശന്നിരിക്കുന്നവര്‍ക്കും ഈ ചെറുപ്പക്കാര്‍ വിതരണം ചെയ്യും.

ഇന്നത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ ഗൗതം കുമാര്‍ എന്ന ഈ ഹൈദരാബാദുകാരനെ വ്യത്യസ്തനാക്കുന്നത് സാമൂഹിക സേവനത്തോട് ഇദ്ദേഹത്തിനുള്ള മനോഭാവമാണ്. സാമൂഹിക സേവനം ആഴ്ചയിലൊന്നോ രണ്ടോ തവണ ചെയ്യേണ്ട ഒരു പാര്‍ട്ട് ടൈം ജോലിയല്ല, മറിച്ച് മുഴുനീള പ്രഫഷനാകണം എന്നതാണ് ഗൗതമിന്റെ പക്ഷം. ഈ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി അവര്‍ സേര്‍വ് നീഡി എന്ന പേരില്‍ ഒരു എന്‍ജിഒ രൂപീകരിച്ചു. വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കുന്ന അന്നദാതാ പദ്ധതി മുതല്‍ ബന്ധുക്കളുടെ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ പണമില്ലാത്തവരെ സഹായിക്കുന്നതു വരെയുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് സേര്‍വ് നീഡി ഹൈദരാബാദില്‍ നടത്തുന്നത്.

2015 ല്‍ ആരംഭിച്ച സേര്‍വ് നീഡി അനാഥാലയത്തില്‍, തെരുവില്‍നിന്നു രക്ഷിച്ചുകൊണ്ടുവന്ന നിരവധി കുട്ടികളാണുള്ളത്. കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായം, ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്കായുള്ള പ്രവര്‍ത്തനങ്ങള്‍, പാവപ്പെട്ടവര്‍ക്കുള്ള മൊബൈല്‍ ആംബുലന്‍സ്, അവശതയനുഭവിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സഹായങ്ങള്‍ എന്നിങ്ങനെ നീളുന്നു സേര്‍വ് നീഡിയുടെ മറ്റു പ്രവര്‍ത്തനങ്ങള്‍. തെലുങ്കാന പോലീസ്, വിവിധ ഗവണ്‍മെന്റ് ഏജന്‍സികള്‍ തുടങ്ങിയവയുടെ സഹായവും ഗൗതമിനുണ്ട്.

Related posts