കോഴിക്കോട്: ഭരണഘടനയ്ക്കുമേല് വിചാരധാരയെ പ്രതിഷ്ഠിക്കാന് അനുവദിക്കില്ലെന്നും ഗവര്ണര് തിരുത്തിയേ മതിയാകൂവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഖില കേരള തൊഴിലാളി സമ്മേളനത്തിന്റെ 90-ാം വാര്ഷികം ഉദ്ഘാടനവും ജെ. ചിത്തരഞ്ജന് ഫൗണ്ടേഷന് പുരസ്കാര സമര്പ്പണവും നിര്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധിക്കാരമാണ് ഗവര്ണറെ നയിക്കുന്നത്. ബിജെപിയുടേയും ആര്എസ്എസിന്റെയും താത്വിക ഗ്രന്ഥം വിചാരധാരയാണ്. ഭരണഘടനയെക്കാള് വലുതാണോ വിചാരധാര എന്ന് ഗവര്ണര് വ്യക്തമാക്കണം.
ഇന്ത്യന് സ്വാതന്ത്ര്യ സമരത്തില് ബിജെപിക്കും ആര്എസ്എസിനും എന്ത് പങ്കാണുള്ളത്? ഒരു സമരത്തിലും പങ്കെടുക്കാതെ അവര് മാറിനില്ക്കുകയായിരുന്നു. അതിന് അവര് പറഞ്ഞ ന്യായം ആര്എസ്എസ് സാംസ്കാരിക പ്രസ്ഥാനമാണെന്നാണ്.
ഗവര്ണറെ നയിക്കേണ്ടത് ഭരണഘടനയാണ്. എന്നാല് ഗവര്ണര് അത് മറക്കുകയാണ്. വിടാന് ഭാവമില്ലെന്നാണ് ഗവര്ണര് വീണ്ടും തെളിയിക്കുന്നത്. ഇപ്പോള് വിദ്യാഭ്യാസ മന്ത്രിക്കെതിരേയും അദ്ദേഹം തിരിഞ്ഞിരിക്കുകയാണ്.
ഗവര്ണര് പദവി എന്താണെന്ന് അദ്ദേഹം പഠിക്കേണ്ടിയിരിക്കുന്നു. ആര്ലേക്കര് എന്ന വ്യക്തിക്ക് സ്വയം സേവകനോ മറ്റ് എന്ത് വേണെങ്കിലുമോ ആകാം. എന്നാല് ഗവര്ണര് പദവിയിലുള്ള ആള് ഭരണഘടന അനുസരിക്കാന് ബാധ്യസ്ഥനാണ്.
തലയില് സ്വര്ണകിരീടവും അരയില് അരപ്പട്ടയും കൈയില് ആര്എസ്എസ് കൊടിയുമേന്തിയ ഭാരതമാതാവിനെ ഇന്ത്യയ്ക്കറിയില്ല. ദേശീയ ചിഹ്നങ്ങള് സംബന്ധിച്ച ഭരണഘടനാ പ്രമാണങ്ങള് നിരന്തരം ലംഘിക്കുന്നത് ശിക്ഷാര്ഹമായ കുറ്റമാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. എഐടിയുസി സംസ്ഥാന ജനറല് സെക്രട്ടറി കെ.പി. രാജേന്ദ്രന് അധ്യക്ഷത വഹിച്ചു.