കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി രക്ഷപ്പെടാനിടയാക്കിയത് കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ.
സാധാരണ നിലയിൽ ആരോഗ്യമുള്ള ഒരാൾക്കു തന്നെ ജയിലിന്റെ മതിൽ ഉൾപ്പെടെ മറികടന്ന് രക്ഷപ്പെടുക എന്നതു ശ്രമകരമാണെന്നിരിക്കെ ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമി ജയിലിന്റെ കൂറ്റൻ മതിലിനു മുകളിൽ കയറി തുണികൾ കൂട്ടിക്കെട്ടി പുറത്തേക്ക് ഊർന്നിറങ്ങിയെന്നതും അവിശ്വസനീയമാണ്. ഗോവിന്ദച്ചാമിയുടെ ഇടതുകൈ നേരത്തെ മുറിച്ചു മാറ്റിയതാണ്.
താമസിപ്പിച്ചിരുന്ന സെല്ലിന്റെ ഇരുന്പുകന്പി മുറിച്ചുമാറ്റിയാണു പ്രതി സെല്ലിൽ നിന്ന് പുറത്തുകടന്നത്. ദിവസങ്ങളായി നടത്തിയ ശ്രമത്തിലൂടെ മാത്രമേ സെല്ലിന്റെ ഇരുന്പുകന്പികൾ മുറിക്കാനാകൂ.
പ്രതിക്ക് ഇരുന്പ് കന്പി മുറിക്കാനുള്ള ആയുധം എവിടെനിന്നു കിട്ടി, ദിവസങ്ങളായി ഇരുന്പുകന്പി മുറിക്കാൻ നടത്തിയ ശ്രമം എന്തുകൊണ്ട് ജയിൽ അധികൃതർ അറിഞ്ഞില്ല എന്നുൾപ്പടെയുള്ള കാര്യങ്ങളിൽ ദുരൂഹതയുണ്ട്.
എല്ലാ ദിവസവും പ്രതികളെ എന്ന പോലെ സെല്ലും പരിസരവും നിരിക്ഷിച്ച് റിപ്പോർട്ട് ചെയ്യണമെന്ന് ജയിൽ നിയമത്തിൽ പ്രത്യേകം പറയുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ വീഴ്ച കാട്ടിയെന്നാണു ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം വ്യക്തമാക്കുന്നത്.