കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു രക്ഷപ്പെട്ട ഗോവിന്ദച്ചാമി തളാപ്പിലെത്തിയെന്നതിലേക്കു സൂചനകൾ നൽകിയത് വിനോജ് എന്നയാളും ഓട്ടോ ഡ്രൈവറായ സന്തോഷും.
രാവിലെ 9.15 ഓടെ ജോലിക്കു ബൈക്കിൽ പോകുകയായിരുന്ന വിനോജ് തലയിൽ പഴയ തുണിയിട്ട് അതിൽ ഒരു കൈ വച്ച് സാവധാനം നടന്നുപോകുന്ന ഒരാളെ കാണുകയായിരുന്നു.
രാവിലെ തന്നെ ജയിൽ ചാടിയ വിവരം അറിഞ്ഞതിനാൽ നടന്നു പോകുന്നയാൾ ഗോവിന്ദച്ചാമിയാണെന്നുസംശയിച്ചു. “ടാ ഗോവിന്ദച്ചാമി” എന്ന് വിളിച്ചപ്പോൾ ഓടി അടുത്തുള്ള മതിൽ ചാടിക്കടന്ന് കാടുപിടിച്ച പറന്പിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ഉടൻ തന്നെ വിനോജ് പോലീസിനെ ഇക്കാര്യമറിയിച്ചതോടെ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു.
അതിനിടെ എകെജി ആശുപത്രി പരിസരത്തുവച്ച് ഇതിനോടുത്ത സമയത്ത് തന്നെ ഗോവിന്ദച്ചാമിയെ കണ്ടിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ സന്തോഷ് പറഞ്ഞു. സംശയത്തെ തുടർന്ന് അടുത്തു പോയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സന്തോഷ് പറഞ്ഞു.