കൊച്ചി: എറണാകുളം കളമശേരി ഗവ. പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ (പെരിയാര്‍) നിന്ന് വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയ കേസിലെ കുറ്റപത്രം ഈ മാസം അവസാനത്തോടെ കളമശേരി പോലീസ് കോടതിയില്‍ സമര്‍പ്പിക്കും.കേസില്‍ നിലവില്‍ എട്ടു പ്രതികളാണുള്ളത്. ഇതില്‍ മുഖ്യപ്രതി ഒഡീഷ ദരിഗ്ബാദി സ്വദേശി അജയ് പ്രഥാനെ(33) ജൂലൈ 27 ന് ഒഡീഷയില്‍ നിന്ന് കളമശേരി പോലീസ് സാഹസികമായി പിടികൂടിയിരുന്നു.
റിമാന്‍ഡിലായിരുന്ന ഇയാളെ രണ്ടു ദിവസം കസ്റ്റഡിയില്‍ വാങ്ങി പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ കൂട്ടാളികളായ ഇതര സംസ്ഥാനക്കാരാണ് പോളിടെക്നിക്ക് കോളജിലേക്ക് ലഹരി എത്തിച്ചതെന്നാണ് അജയ് പ്രഥാന്റെ മൊഴി. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ചില രേഖകളുടെ പരിശോധനയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇതിനുശേഷം ഈ മാസം അവസാനത്തോടെ കുറ്റപത്രം സമര്‍പ്പിക്കും.
കഴിഞ്ഞ മാര്‍ച്ച് 15 ന് കൊച്ചി സിറ്റി പോലീസ് നാര്‍കോട്ടിക് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുളള മൂന്ന് ഡാന്‍സാഫ് ടീമും കളമശേരി പോലീസും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് പെരിയാര്‍ ഹോസ്റ്റലില്‍ നിന്നും രണ്ടു കിലോ കഞ്ചാവ് കണ്ടെത്തിയത്.
കഞ്ചാവ് അളന്ന് ചെറിയ പാക്കറ്റുകളിലേക്കു മാറ്റുന്നതിനിടെയായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ്, ആലപ്പുഴ സ്വദേശി ആദിത്യന്, കൊല്ലം സ്വദേശിയും കോളജിലെ യൂണിയന് ജനറല്‍ സെക്രട്ടറിയും എസ്എഫ്ഐ നേതാവുമായ അഭിരാജ് എന്നിവരെയാണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്.
രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറില്‍ ആകാശാണ് പ്രതി. രണ്ടു കിലോ കഞ്ചാവാണ് ആകാശിന്റെ മുറിയില്‍നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറില്‍ ആദിത്യന്, അഭിരാജ് എന്നിവരാണ് പ്രതികള്‍. കവര്‍ ഉള്‍പ്പെടെ 9.70 ഗ്രാം കഞ്ചാവാണ് ഇവരുടെ മുറിയില്‍നിന്ന് പിടിച്ചെടുത്തത്. ഇതില്‍ അഭിജിത്ത്, ആദിത്യന് എന്നിവരെ പിഴ ഈടാക്കി വിട്ടയച്ചു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ പോളിടെക്ക്നിക്കിലെ പൂര്‍വവിദ്യാര്‍ഥികളായ മുഹമ്മദ് ആഷിഖും കെ.എസ്. ഷാലിഖും പിടിയിലായി. മുഹമ്മദ് ആഷിഖാണ് പ്രധാന ലഹരി ഇടപാടുകാരനെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പോളിടെക്നിക്ക് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ച പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ജില്ലക്കാരായ സുഹൈല്‍ ഷേഖ്, എഹിന്തോ മണ്ഡല്, ദീപു മണ്ഡല് എന്നിവര്‍ അറസ്റ്റിലായയത്. സുഹൈല്‍ ആയിരുന്നു കഞ്ചാവ് നല്‍കിയതെന്ന് വിദ്യാര്‍ഥികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇവര്‍ മൂവരും അജയ് പ്രഥാന്റെ സംഘത്തിലുള്ളവരാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.