ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ പോലീസ് കേസെടുത്തതിനു പിന്നാലെ വീണ്ടും വിശദീകരണവുമായി സിപിഎം നേതാവ് ജി. സുധാകരൻ. തന്റേത് ഒരു പ്രസംഗ തന്ത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
താൻ വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്. വോട്ട് മാറി ചെയ്യുന്നത് അറിയാൻ കഴിയും എന്നാണ് പറഞ്ഞത്. നെഗറ്റീവ് ആയ കാര്യം പറഞ്ഞ് പോസിറ്റീവ് ആക്കാനുള്ള പ്രസംഗ തന്ത്രമാണ് താൻ ഉപയോഗിച്ചത്. താൻ പ്രസംഗിച്ചത് പബ്ലിക്കിനോടല്ല. യൂണിയൻ ഭാരവാഹികൾ പങ്കെടുക്കുന്ന പരിപാടിയിലാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഒരു നേതാവും തന്നെ വിളിച്ചില്ല താനും വിളിച്ചിട്ടില്ല. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് സ്ഥാനാർഥി വരെ പറഞ്ഞു. ഇനിയെന്ത് തെളിവാണ് പോലീസിന് ലഭിക്കുക. കേസിൽ പോലീസ് പുലിവാൽ പിടിക്കുകയാണുണ്ടായത്. തിടുക്കത്തിൽ എന്തിന് കേസെടുത്തു എന്ന് ജില്ലാ പോലീസ് മേധാവിയോട് ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
അത് പ്രസംഗതന്ത്രം, നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കാനാണ് ശ്രമിച്ചത്: ജി. സുധാകരന്
