തിരുവനന്തപുരം: കാലവർഷക്കാറ്റിന്റെ തീവ്രതയും വ്യാപനവും അതിശക്തമായതോടെ കേരളത്തിൽ പെരുമഴക്കാലത്തിന് പെരുന്പറ മുഴങ്ങി. രണ്ടു ദിവസമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് പെയ്തിറങ്ങുന്നത്. ഒപ്പം ഇടിമിന്നലും കാറ്റും. ഇക്കുറി പതിവിലേറെ കരുത്തു കാട്ടുമെന്ന് പ്രവചിക്കപ്പെട്ട തെക്കുപടിഞ്ഞാറൻ കാലവർഷം 27ഓടെ സംസ്ഥാനത്ത് പെയ്തുതുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ, അതിനു മുന്പേ കാലവർഷം കേരളത്തിൽ വരവറിയിക്കുമെന്നാണ് നിലവിലെ നിഗമനം.
ഇന്നലെയോടെ കാലവർഷക്കാറ്റ് തെക്കൻ അറബിക്കടലിലും മാലദ്വീപിലും കന്യാകുമാരി മേഖലയിലേക്കും വ്യാപിച്ചു. അടുത്ത മൂന്നു നാല് ദിവസങ്ങൾക്കുള്ളിൽ ഈ മേഖലകളിലും ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും മണ്സൂണ് മുന്നേറുന്നതിനുള്ള സാഹചര്യം അനുകൂലമാണ്.
ബുധനാഴ്ചയോടെ കർണാടക തീരത്ത് മധ്യ അറബിക്കടലിൽ ചക്രവാതച്ചുഴിയും രൂപപ്പെട്ട് അടുത്ത ദിവസം ഇത് ന്യൂനമർദമായി മാറാനുള്ള സാഹചര്യം ശക്തമാണ്. അങ്ങനെയെങ്കിൽ വടക്കൻ കേരളത്തിൽ വരും ദിവസങ്ങൾ പെരുമഴക്കാലത്തിൽ മുങ്ങും. ഒന്പത് ജില്ലകളിൽ കനത്ത മഴമുന്നറിയിപ്പ് കണക്കിലെടുത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിതീവ്ര മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളിൽ നാളെയും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലയിൽ ചൊവ്വാഴ്ചയും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഡി. ദിലീപ്