ആലപ്പുഴ: കായംകുളം പുതുപ്പുള്ളിയിൽ ബൈക്ക് യാത്രികരായ യുവാക്കളെ തടഞ്ഞ് നിർത്തി വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ.
കുപ്രസിദ്ധ ഗുണ്ട കൃഷ്ണപുരം ഞക്കനാൽ മുറിയിൽ അനൂപ് (ശങ്കർ- 23), ഓച്ചിറ പായിക്കുഴി വേലിശേരിൽവീട്ടിൽ ഷെഫീക്ക് (23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച വൈകിട്ട് 4.30നായിരുന്നു സംഭവം. പുതുപ്പുള്ളി സിഎംഎസ് സ്കൂളിന് സമീപത്ത് വച്ച് ബൈക്കിൽ വരികയായിരുന്ന അനൂപ് കൃഷ്ണൻ, അജയഘോഷ് എന്നിവരെ തടഞ്ഞ് നിർത്തിയായിരുന്നു പ്രതികളുടെ അക്രമം. ഡിവെെഎസ്പി അലക്സ് ബേബിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടയാളും നിരവധി കേസുകളിൽ പ്രതിയുമാണ് അനൂപ്. ഇയാൾക്കെതിരെ ഗുണ്ടാ നിയമപ്രകാരം കടുത്ത നടപടി സ്വീകരിക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.