വെള്ളറട: അമ്പൂരിയില്‍ ഇന്നലെ ഗുണ്ടാ ആക്രമണം നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞ രണ്ട്പേര് പോലീസ് പിടിയിലായി. കുളനപാറ പള്ളിയെട് വീട്ടില്‍ അഖില്‍ലാൽ (22), കണ്ണന്നൂര്‍ ആശാഭവനില്‍ അബിൻ(19) എന്നിവർ ആണ് പിടിയിലായത്. കളിയക്കാവിളയിലെ ഒളിസങ്കേതത്തില്‍ നിന്നും ഇന്നലെ രാത്രിയാണ് ഇവരെ പിടികൂടിയത്.
സംഘത്തിലുണ്ടായിരുന്ന മലയിൻകീഴ് സ്വദേശി അബിന്‍ ഒളിവിലാണ്.കഴിഞ്ഞ ദിവസം രാത്രിയിൽ അന്പൂരി കണ്ണന്നൂരിൽ നടന്ന ആക്രമണത്തിൽ വീടും വാഹനങ്ങളും തകര്‍ക്കുകയും അഞ്ചുപേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തിരുന്നു. നാലു പേര് ഉള്‍പ്പെടുന്ന സംഘമാണ് വാളും കത്തിയുമായി അക്രമം നടത്തിയത്. രാത്രി പത്തു മണിയോടെയായിരുന്നു സംഭവം.
വെളളറട കോട്ടയം വിള സ്വദേശി സരിതയെയും ഭര്‍ത്താവ് രതീഷിനെയും ആദ്യം സംഘം അക്രമിച്ചു. സരിതയുടെ തലമുടി ചുറ്റിപ്പിടിച്ച് മര്‍ദ്ദിച്ചു. രതീഷിനെ മാരകമായി മര്‍ദ്ദിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വരികയായിരുന്ന കണ്‍സ്യൂമര്‍ ഫെഡിലെ സഹപ്രവത്തകനായ ബിജിലാല്‍ അക്രമകാരികളെ പിന്തിരിപ്പിക്കാന് ശ്രമിച്ചു. അയാളെയും അക്രമികള്‍ മര്‍ദ്ദിച്ചു. വെള്ളറടയില്‍ നിന്ന് ആറു കാണിയിലേക്കു പോകുകയായിരുന്ന പാസ്റ്റര്‍ അരുള്‍ ദാസിനെയും മകനെയും ആക്രമിച്ചു.
പണം ആവശ്യപ്പെടുകയും വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. ഗുരുതരമായ പരിക്കേറ്റ ഇയാള്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ സമീപത്തെ ജയകുമാറിന്റെ വീട്ടിനുള്ളിലേക്ക് പടക്കമെറിഞ്ഞ് പൂട്ടുതകര്‍ത്ത് വീടിനുള്ളില്‍ കയറി മുഴുവന്‍ ജനല്‍ ചില്ലുകളും അടിച്ചു തകര്‍ത്തു.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഗൃഹപ്രവേശം കഴിഞ്ഞ വീടാണ് തകർത്തത്. . ഈ വീടിന്റെ മുകളിലെ ലൈറ്റില്‍ നിന്നു വെളിച്ചം അക്രമികളുടെ വീട്ടിനു സമീപത്തു പതിക്കുന്നു എന്ന കാരണം പറഞ്ഞാണ് വീട് അടിച്ചു തകര്‍ത്തത്. മയക്കുമരുന്നിന്റെ ലഹരിയിലാണ് അക്രമം നടത്തിയത്.
മയക്കുമരുന്നു മാഫിയകളുമായി ബന്ധമുള്ള ഈ സംഘത്തിനെതിരേ നാട്ടുകാര്‍ നിരവധി തവണ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരെ ഭയന്ന് സമീപവാസികള്‍ രാത്രികളില്‍ പുറത്തിറങ്ങാറുമില്ല. കഴിഞ്ഞ ദിവസം അക്രമം നടക്കുന്ന ഒരു മണിക്കൂര്‍ സമയം നാട്ടുകാര്‍ ഭയന്നിരിക്കുകയായിരുന്നു.
അക്രമികളില്‍ ഒരാളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച് പോലീസെത്തിയപ്പോള്‍ കൈമാറി. അക്രമിക്കു പ്രായ പൂര്‍ത്തി ആയിട്ടില്ല. ഡി വൈ എസ് പി അമ്മിണികുട്ടൻ, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ബാബുകുറുപ്പ്, എസ് ഐ മാരായ സജിത്ത് ജി നായർ, ശശികുമാര്‍, സിവില്‍ പോലീസ്കാരായ പ്രദീപ്, ദീബു, ഷൈനു, ഷൈജു, സജിന്‍, പ്രജീഷ് അടങ്ങുന്ന സംഘമാണ് അക്രമികളെ പിടികൂടിയത്.