അബുദാബി: അബുദാബിയിലെ യാസ് മറീന സർക്യൂട്ടിലും വെന്നിക്കൊടി പാറിച്ച് ഫോർമുല വൺ ചാമ്പ്യൻഷിപ്പ് മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ സ്വന്തമാക്കി. സീസണില്‍ 11 ഗ്രാന്‍പ്രീ വിജയവുമായാണ് ബ്രിട്ടീഷ് ഡ്രൈവറുടെ നേട്ടം. ഇതോടെ ഈ ചാമ്പ്യൻഷിപ്പിൽ ഏറ്റവുമധികം വിജയംനേടുന്ന താരമെന്ന ബഹുമതിക്കും ഹാമിൽട്ടൺ അർഹനായി.
അബുദാബി ഗ്രാന്‍പ്രീയിൽ ഒരു മണിക്കൂർ 39 മിനിറ്റ് 40.382 സെക്കൻഡിൽ 55 ലാപ്പ് തീർത്താണ് ഹാമിൽട്ടൺ ഒന്നാമത്തെത്തിയത്. ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ, റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പെൻ, ഡാനിയേൽ റിക്കാഡിയോ എന്നിവർ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ട്രാക്കിൽ ഹാമിൽട്ടണു ഭീഷണി ഉയർത്തിയ മെഴ്സിഡസിന്റെ വോൾട്ടേരി ബോട്ടസിനെ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കരിയറിൽ ഹാമിൽട്ടന്റെ അഞ്ചാം ലോക ചാമ്പ്യൻഷിപ്പാണിത്. മുൻ ബ്രിട്ടീഷ് താരം ജാക്കി സ്റ്റിവർട്ടിന് മൂന്നു ചാമ്പ്യൻഷിപ്പുകളുണ്ട്.