വീഡിയോയിലൂടെ ഹനാനെ അധിക്ഷേപിച്ച നൂറുദീന്‍ ഷെയ്ഖ് അറസ്റ്റില്‍! കേരളം മുഴുവന്‍ തന്റെ ഒപ്പമുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ ആക്രമിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും പ്രതികരിച്ച് ഹനാന്‍

സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ അധിക്ഷേപിച്ചവര്‍ക്കെതിരെ നടപടിയെടുത്തതില്‍ സന്തോഷമുണ്ടെന്ന് ഹനാന്‍. തന്നെ സംരക്ഷിക്കാന്‍ ഇപ്പോള്‍ തന്റെ കോളജും ഹോസ്പ്പിറ്റലും സര്‍ക്കാരുമുണ്ടെന്നും കൂടുതല്‍ ആളുകള്‍ തന്നെ മനസ്സിലാക്കിയെന്നും ഹനാന്‍ പറഞ്ഞു. നൂറുദ്ധീന്‍ ഷെയ്ഖിന്റെ അറസ്റ്റിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഹനാന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മാധ്യമങ്ങള്‍ കാണാന്‍ എത്തിയപ്പോള്‍ ഒരു മാനസിക രോഗിയെപോലെ നൂറുദ്ധീന്‍ തന്നെ ചുറ്റിപ്പറ്റി നിന്നുവെന്നും, ഒരു റിപ്പോര്‍ട്ടറോട് തന്നെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടതായും ഹനാന്‍ വെളിപ്പെടുത്തി. അയാളുടെ ലക്ഷ്യം ഇതാണെന്ന് താന്‍ അറിഞ്ഞില്ലെന്നും ഹനാന്‍ പറയുന്നു. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്നും, നീതി ലഭിക്കും എന്ന് ഉറപ്പുള്ളതായും ഹനാന്‍ പറയുന്നു.

തനിക്ക് നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും തളരാതെ മുന്നോട്ട് പോകുമെന്നും ഹനാന്‍ വ്യക്തമാക്കി. ‘കേരളം മുഴുവനും സര്‍ക്കാരും തന്റെ കൂടെയുണ്ട്. തന്നെ സംരക്ഷിക്കാനും ആളുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും തന്നെ ആക്രമിക്കുന്നവര്‍ ജാഗ്രത പാലിക്കുക’. ഹനാന്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച നൂറുദ്ധീന്‍ ഷെയ്ഖിനെ പോലീസ് അറസ്റ്റു ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം നൂറുദ്ധീന്‍ ഷെയ്ഖിനെതിരെ കൊച്ചി സിറ്റി പോലീസ് കേസെടുത്തിരുന്നു. സമൂഹമാധ്യമത്തില്‍ ഹനാനെതിരെയുളള പ്രചരണത്തിന് തുടക്കമിട്ടത് നൂറുദ്ധീന്റെ ലൈവ് വീഡിയോ ആയിരുന്നു.

ഇയാളുടെ വീഡിയോയ്ക്കുതാഴെ മോശം കമന്റ് ഇട്ടവര്‍ക്കെതിരെയും വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ പറഞ്ഞു. തനിക്കെതിരെ സമൂഹ മാധ്യമത്തിലൂടെ ആദ്യമായി വ്യാജ പ്രചരണം നടത്തിയത് നൂറുദ്ധീന്‍ ഷെയ്ഖ് എന്ന വയനാട് സ്വദേശിയാണെന്ന് ഹനാന്‍ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇനിയും കൂടുതല്‍ ആളുകള്‍ക്കെതിരെ നടപടി വരുമെന്ന് പോലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കൊച്ചി സിറ്റി പോലീസാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചവര്‍ക്കെതിരെ ഹൈടെക് സെല്ലിന്റെ അന്വേഷണത്തിന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ ഉത്തരവിറക്കിയിരുന്നു.

Related posts