ലോകത്തിന്റെ നിറുകയില്‍ ഇരുന്ന് ഇനി സിനിമ കാണാം ! ലഡാക്കിലെ പുതിയ തീയറ്ററിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ലോകത്തിന്റെ നിറുകയില്‍ ഇരുന്ന് ഇനി സിനിമ കാണാം. ലഡാക്കില്‍ ആദ്യത്തെ മൊബൈല്‍ ഡിജിറ്റല്‍ മൂവി തിയേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.

രാജ്യത്തെ അതിവിദൂരമേഖലകളിലുള്ളവര്‍ക്കും സിനിമ അനുഭവവേദ്യമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ലേയിലെ പല്‍ദാനില്‍ തിയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന തിയേറ്റര്‍ ആണിത്. 11,562 അടി ഉയരത്തിലാണ് തിയേറ്റര്‍ സ്ഥിതി ചെയ്യുന്നത്.

ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് തുപ്സ്ഥാന്‍ ഷെവാങ്, പ്രശസ്ത സിനിമാതാരം പങ്കജ് ത്രിപാഠി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സിനിമാശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

ലഡാക്കിലെ ചാങ്പ നാടോടി സമൂഹത്തിന്റെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്രസ്വചിത്രം സെകൂലും അക്ഷയ്കുമാര്‍ നായകനായ ബെല്‍ബോട്ടവും തിയേറ്ററിലെത്തിയ സൈനികര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു.

സ്വകാര്യകമ്പനിയായ പിക്ചര്‍ ടൈം ഡിജിപ്ലക്സാണ് തിയേറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. കാറ്റ് നിറച്ച് വികസിപ്പിക്കുന്ന വിധത്തിലാണ് തിയേറ്റര്‍.

28 ഡിഗ്രി സെല്‍ഷ്യസായി തിയേറ്ററിനുള്ളിലെ താപനിലയും, വായുസഞ്ചാരവും ക്രമീകരിക്കുന്നതിനായി എയര്‍ കണ്ടീഷണറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ടിക്കറ്റ് നിരക്ക് മിതമാണെന്നും ഇരിപ്പിടങ്ങള്‍ സൗകര്യപ്രദമായാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ മെഫാം ഒട്സല്‍ എഎന്‍ഐയോട് പ്രതികരിച്ചു.

കലയുടേയും സിനിമയുയേയും ലോകത്തിലേക്ക് ലഡാക്കിലെ ജനങ്ങള്‍ക്കും ബന്ധപ്പെടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ ഇത്തരമൊരു തിയേറ്റര്‍ നൂതനവും വ്യത്യസ്തവുമായ അനുഭവമാണ് നല്‍കിയതെന്ന് പങ്കജ് ത്രിപാഠി പറഞ്ഞു.

ലേ പോലെയൊരു പ്രദേശത്ത് ഇതു പോലെയൊരു തിയേറ്റര്‍ മനോഹരമായ ആശയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ സിനിമകള്‍ കാണുന്നതിനുള്ള സൗകര്യം മാത്രമല്ല ലഡാക്കിലെ പ്രതിഭാശാലികള്‍ക്ക് ലോകവുമായി ബന്ധപ്പെടാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും പങ്കജ് ത്രിപാഠി പറഞ്ഞു.

Related posts

Leave a Comment