പയ്യന്നൂർ: വയോധികയെ പരിചരിക്കാനെത്തി ഒൻപതു പവൻ ആഭരണങ്ങളുമായി മുങ്ങിയ ഹോംനേഴ്സ് അറസ്റ്റിൽ. കാസർഗോഡ് ബന്തടുക്ക മലാംകുണ്ട് സ്വദേശിനി രാധ ജാനകി (48)യെന്ന ഹോംനേഴ്സിനെയാണു പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപത്തുള്ള വയോധികയെ പരിചരിക്കാനായി രാധ ജാനകിയെ ഹോംനേഴ്സ് ആയി നിർത്തിയിരുന്നു. ഇതിനിടയിലാണ് ഒൻപതു പവൻ സ്വർണാഭരണങ്ങൾ മോഷണം നടത്തി ഹോം നഴ്സ് കടന്നത്.
ഇതു സംബന്ധിച്ച് വയോധികയുടെ മകൾ കമ്പിൽ സ്വദേശിനി പ്രിയ പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നു പയ്യന്നൂർ എസ്ഐ കെ.പി ഷൈൻ നടത്തിയ അന്വേഷണത്തിലാണു ഹോം നഴ്സ് കുടുങ്ങിയത്.
പോലീസ് പിടികൂടിയ പ്രതി കുറ്റസമ്മതം നടത്തിയതിനെ തുടർന്നു പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മോഷണമുതൽ രണ്ടുലക്ഷം രൂപയ്ക്കു പണയംവച്ചതായി പ്രതി പോലീസിനോടു പറഞ്ഞു.