കൊഴിഞ്ഞാമ്പാറ: കുടുംബദോഷമകറ്റാൻ എന്ന വ്യാജേന ജ്യോത്സ്യനെ കെണിയിൽപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെ കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി.
ഒളിവിലായിരുന്ന കഞ്ചിക്കോട് മുക്രോണി എസ്. ബിനീഷ് കുമാർ (40) ആണ് എട്ടു മാസത്തിനുശേഷം പിടിയിലായത്. പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ച പ്രതിക്കെതിരേ കേസെടുത്തു. ഇയാളുടെ ആക്രമണത്തിൽ എസ്ഐ കെ. ഷിജു, സീനിയർ സിപിഒമാരായ ബി. അബ്ദുൾ നാസർ, എം. കൃഷ്ണനുണ്ണി, ഹരിദാസ് എന്നിവർക്കാണ് പരിക്കേറ്റത്.
മാർച്ച് 12നാണ് കേസിനാസ്പദമായ സംഭവം. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലെ വീട്ടിലേക്കു ജ്യോത്സ്യനെ വിളിച്ചുവരുത്തി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തശേഷം നഗ്നചിത്രങ്ങൾ പകർത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കവർച്ചാസംഘത്തിലെ പ്രധാന പ്രതിയാണ് ബിനീഷ്കുമാർ. ഇയാൾക്കെതിരേ കുഴൽമന്ദം, ആലത്തൂർ, വാളയാർ, എറണാകുളം, തൃശൂർ, കൊല്ലം, തിരുപ്പുർ, കോയമ്പത്തൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.
നേരത്തേ കേസിലുൾപ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശിനി മൈമുന (44), കുറ്റിപ്പള്ളം പാറക്കാൽ വട്ടേക്കാട് സ്വദേശി എസ്. ശ്രീജേഷ് (24), നല്ലേപ്പിള്ളി പന്നിപ്പെരുന്തല എം. രഞ്ജിത്ത് (35), കഞ്ചിക്കോട് പുതുശേരി ചീനിക്കൽ വീട്ടിൽ സരിത (സംഗീത- 43), കൊല്ലങ്കോട് വെള്ളനേറ പണിക്കത്ത് പ്രഭു (സുനിൽകുമാർ -35), എറണാകുളം ചെല്ലാനം കാണിപ്പയ്യാരത്ത് അപർണ പുഷ്പൻ (23), കൊല്ലങ്കോട് നെന്മേനി കിഴക്കേപ്പറമ്പ് പി. പ്രശാന്ത് (37), കൊഴിഞ്ഞാമ്പാറ കുറ്റിപ്പള്ളം സിപിചള്ള എം. ജിതിൻ (26), കല്ലാണ്ടിച്ചള്ള എൻ. പ്രതീഷ് (37), തെക്കേദേശം നറണി വി. പ്രശാന്ത് (29) എന്നിവരെ പിടികൂടിയിരുന്നു. ഇതോടെ 11 പേരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചിറ്റൂർ ഡിവൈഎസ്പി പി. അബ്ദുൾ മുനീർ, കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടർ എം.ആർ. അരുൺകുമാർ, എസ്ഐ കെ. ഷിജു, സീനിയർ സിപിഒമാരായ ബി. അബ്ദുൾ നാസർ, എം. കൃഷ്ണനുണ്ണി, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിനേഷ്കുമാറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

