ഫ്‌ളോപ്പെന്നു വെച്ചാല്‍ ഒരു ഒന്നൊന്നര ഫ്‌ളോപ്പ്, ക്യാഷ് പോയത് മിച്ചം…. തിരക്കഥയൊക്കെ നോക്കിയെടുക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേ ചേച്ചീ… ചങ്ക്‌സിനെ ഏറ്റെടുത്ത എല്ലാ ചങ്ക്‌സുകള്‍ക്കും നന്ദി, ആരാധകര്‍ക്ക് നന്ദി പറഞ്ഞ ഹണി റോസിന് പൊങ്കാലയുമായി സോഷ്യല്‍മീഡിയ

വെള്ളിയാഴ്ച്ച മൂന്നു സിനിമകളാണ് തിയറ്ററുകളിലെത്തിയത്. ഒമര്‍ ലുലുവിന്റെ ചങ്ക്‌സ്, അനൂപ് മേനോന്‍ മുഖ്യവേഷത്തിലെത്തിയ സര്‍വോപരി പാലാക്കാരന്‍, വര്‍ണ്യത്തില്‍ ആശങ്ക എന്നിവയായിരുന്നു ചിത്രങ്ങള്‍. ദിലീപ് വിഷയത്തോടെ മലയാള സിനിമയ്ക്ക് സംഭവിച്ച ക്ഷീണം മറികടക്കാമെന്ന വിശ്വാസത്തോടെയാണ് മൂന്നു സിനിമയും പുറത്തിറങ്ങിയത്. ആവശ്യത്തില്‍ കൂടുതല്‍ പ്രമോഷനുമായിട്ടാണ് ഒമറിന്റെ ചങ്ക്‌സ് തിയറ്ററിലെത്തിയത്. ഹാപ്പി വെഡിംഗ് എന്ന ഭേദപ്പെട്ട ചിത്രത്തിന്റെ വിജയത്തിനുശേഷമുള്ള ഒമറിന്റെ ചിത്രമായതിനാല്‍ ആദ്യ ദിവസം മിക്കയിടത്തും അത്യാവശ്യം തിരക്കുമുണ്ടായിരുന്നു. എന്നാല്‍ സിനിമ കണ്ടവര്‍ സോഷ്യല്‍മീഡിയയില്‍ നെഗറ്റീവ് നിരൂപണവുമായി കളംനിറഞ്ഞത് ചങ്ക്‌സിന് തിരിച്ചടിയായി.

സിനിമ പുറത്തിറങ്ങിയശേഷം ഹണി റോസ് തന്റെ ഫേസ്ബുക്ക് പേജില്‍ ചങ്ക്‌സിനെ ഏറ്റെടുത്തവര്‍ക്കു നന്ദി അറിയിച്ച് പോസ്റ്റിട്ടിരുന്നു. ചക്കിനുവച്ചത് കൊക്കിനു കൊണ്ടെന്ന അവസ്ഥയായെന്നുമാത്രം. പോസ്റ്റിനു താഴെ സിനിമയ്‌ക്കെതിരേ വളരെ മോശം പ്രതികരണങ്ങളാണ് ആളുകള്‍ കുറിച്ചത്. 2017 ലെ ഏറ്റവും വലിയ ചളി സിനിമ… ഫ്‌ലോപ്പെന്നു വെച്ചാല്‍ ഒരു ഒന്നൊന്നര ഫ്‌ലോപ്പ്… ക്യാഷ് പോയത് മിച്ചം…. തിരക്കഥയൊക്കെ നോക്കിയെടുക്കുമ്പോള്‍ ശ്രദ്ധിക്കണം…ഇങ്ങനെ പോകുന്നു കമന്റുകള്‍. അശ്ലീല സംഭാഷണങ്ങള്‍ മാത്രം നിറഞ്ഞ ചിത്രം കുടുംബത്തോടൊപ്പം പോയി കാണരുതെന്ന മുന്നറിയിപ്പാണ് ചിലര്‍ നല്കുന്നത്.

ചങ്ക്‌സ് റിവ്യു വായിക്കാം- ന്യൂജന്‍ പിള്ളേരുടെ പോക്കറ്റിലെ ചിക്കിലി മനസില്‍ കണ്ട് തൊടുത്തുവിട്ട ഡയലോഗുകളും കൗണ്ടറുകളുമെല്ലാം സംവിധായകന്‍ ഒമര്‍ ലുലുവിനെ തിരിഞ്ഞുകൊത്തി. ബ്രോ… ഞങ്ങള്‍ അത്ര മോശക്കാരല്ലായെന്ന് ചുള്ളന്മാര്‍ കൂക്കിവിളിച്ച് അറിയിച്ചപ്പോള്‍ അലിഞ്ഞില്ലാതെപോയത് അവിടിവിടായി അശരീരി പോലെ കേട്ട ചിരികളാണ്.

എങ്ങനെയൊക്കെയോ ബോക്‌സ് ഓഫീസില്‍ ചലനമുണ്ടാക്കിയ “ഹാപ്പി വെഡിംഗ്’ എന്ന ചിത്രത്തിന്റെ വിജയത്തേരിലേറിയായിരുന്നു ചങ്ക്‌സിന്റെ വരവ്. പക്ഷേ, ഇത്തവണ അവര്‍ പൊട്ടിച്ച ചിരിപ്പടക്കങ്ങളെല്ലാം ചീറ്റിപ്പോയി. വേറൊന്നും പ്രതീക്ഷിക്കണ്ട ചിരിമാത്രം പ്രതീക്ഷിച്ച് തിയറ്ററിലേക്ക് വന്നാല്‍ മതിയെന്നുള്ള മുന്നറിയിപ്പില്‍ ഇത്രയ്ക്കും തത്തറയായ ദ്വയാര്‍ഥങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കരുതിയില്ല. ചുരുക്കത്തില്‍ എന്ത് ഊളത്തരവും വര്‍ണക്കടലാസില്‍ പൊതിഞ്ഞ് കൊടുത്താല്‍ സ്വീകരിച്ചോളുമെന്നുള്ള വിശ്വാസത്തില്‍ നിന്നും പിറവികൊണ്ട ചിത്രമാണ് ചങ്ക്‌സ്. ബാലു വര്‍ഗീസ്, വിശാഖ് നായര്‍, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി പിന്നെ ഹണി റോസ് ഇവരെ മുന്നില്‍ നിര്‍ത്തികൊണ്ടുള്ള കോമഡിക്കളി ശരിക്കും പരമ ബോറാണ്. തമിഴില്‍ കണ്ടുവരാറുള്ള ഒരു നുറുക്കുവിദ്യ ചങ്ക്‌സില്‍ പ്രയോഗിച്ചിട്ടുണ്ട്. നായികയുടെ മേനിയഴക് കളര്‍ഫുള്ളായി കാണിക്കുക. പക്ഷേ, അതിങ്ങ് മലയാളത്തില്‍ ഇറക്കിയപ്പോള്‍ അത്രയ്ക്ക് അങ്ങോട്ട് ഏശിയില്ലെന്നു മാത്രം.

മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് പഠിച്ചുകൊണ്ടിരിക്കുന്ന റൊമാരിയോ(ബാലു വര്‍ഗീസ്)യെ ചുറ്റിപ്പറ്റിയാണ് കഥയെന്നു പറയുന്ന എന്തോ വികസിച്ച് വരുന്നത്. കോളജില്‍ സാധാരണ കാട്ടാറുള്ള നന്പറുകളുടെ കുത്തൊഴുക്ക് ചിത്രത്തില്‍ ഒമര്‍ അണിയിച്ച് ഒരുക്കിയിട്ടുണ്ട്. പക്ഷേ, അശ്ലീലച്ചുവയുള്ള ഡയലോഗുകളില്‍ തട്ടി അവയെല്ലാം തവിടുപൊടിയായിപ്പോയെന്നു മാത്രം. “കോമഡിക്ക് കൂട്ട് അശ്ലീലം’.. ഇതാണ് ട്രെന്‍ഡെന്ന് സംവിധായകനെ ആരോ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് തോന്നുന്നു.

പെണ്‍തരിയില്ലാത്ത മെക്കാനിക്കില്‍ എന്‍ജിനിയറിംഗ് ക്ലാസിലേക്ക് ഒരു പെണ്‍തരിയെത്തുന്നതോടെ അവിടുത്തെ ചുള്ളന്മാരെല്ലാം ഉഷാറാകുന്നു. പിന്നെ അവര്‍ ആ കിളിക്ക് ചുറ്റും പാറിപ്പറക്കാന്‍ തുടങ്ങുന്നു. ഇത് കണ്ട് സഹിക്കവയ്യാതെ കഥാനായകന്‍ മറ്റ് കോഴികളെ (ധര്‍മജന്‍, വിശാഖ് നായര്‍, ഗണപതി) കിളിയില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്നു. ഇത്തരം സംഭവവികാസങ്ങള്‍ക്കൊത്താണ് ചിത്രത്തിന്‍റെ ആദ്യ പകുതിയുടെ യാത്ര.

റിയയായി എത്തിയ ഹണി റോസ് ചുള്ളന്മാരെ മയക്കുന്ന മാദകത്തിടന്പായി ചിത്രത്തില്‍ പൂണ്ടുവിളയാടുന്നുണ്ട്. പക്ഷേ, അടിത്തറയില്ലാത്ത കഥയെ താങ്ങി നിര്‍ത്താനുള്ള കെല്‍പ്പ് ഹണിക്ക് ഇല്ലാതെപോയി. കഥയില്ലായ്മയ്ക്ക് ഹണി റോസിന്‍റെ ഗ്ലാമര്‍ ഗെറ്റപ്പിലൂടെ പരിഹാരം കാണാമെന്നുള്ള സംവിധായകന്‍റെ ചിന്ത ശരിക്കും പാളിപ്പോകുന്നത് രണ്ടാം പകുതിയിലാണ്. നടന്‍ സിദ്ദിഖും ലാലുമെല്ലാം വന്നു പോകുന്നുണ്ടെങ്കിലും ഓര്‍ത്തിരിക്കാന്‍ പാകത്തിനുള്ള വിരുന്നൊന്നും ചിത്രത്തിലില്ല.

ഗോപി സുന്ദറിന്‍റെ സംഗീതം ന്യൂജന്‍ ട്രെന്‍ഡുകള്‍ക്ക് യോജിക്കും വിധത്തിലുള്ളതായിരുന്നു. പശ്ചാത്തല സംഗീതം കൊഴുപ്പിക്കാനായി ചില ഗിമ്മിക്കുകള്‍ കാട്ടിയപ്പോള്‍ കക്ഷിക്ക് പാളിപ്പോയെന്ന് മാത്രം. മറ്റ് സിനിമകളില്‍ നിന്നും സംഗീതം കടംകൊള്ളുന്ന ഗോപി സുന്ദര്‍ സ്‌റ്റൈല്‍ ചങ്ക്‌സിലും തുടരുന്നുണ്ട്.

ക്ലൈമാക്‌സിലേക്ക് അടുക്കുന്‌പോള്‍ പൊങ്ങിവരുന്ന ട്വിസ്റ്റുകള്‍ സഹിക്കാന്‍ പറ്റില്ല. സംവിധായകന് കൂര്‍മ ബുദ്ധിയാവാം പക്ഷേ, ഇത്രയ്ക്ക് പാടില്ലായെന്ന് മാത്രം. ഒരു സംവിധായകന് അല്ലെങ്കില്‍ എഴുത്തുകാരന് എത്രത്തോളം തറയാകാന്‍ പറ്റുമെന്ന് ചങ്ക്‌സിലൂടെ തെളിയിച്ചു. അതുകൊണ്ട് തന്നെ കുടുംബത്തോടൊപ്പം കാണാന്‍ കൊള്ളുന്ന ചിത്രമല്ല ചങ്ക്‌സ് എന്ന് വ്യക്തമായി ഓര്‍മിപ്പിക്കട്ടെ.

(ഒന്നും അങ്ങോട്ട് ഏശിയില്ല… എല്ലാ കൈവിട്ടുപോയി… ഇതൊക്കെ കാണാന്‍ മലയാളികളുടെ ജീവിതം ഇനിയും ബാക്കി.)

വി. ശ്രീകാന്ത്‌

Related posts