ആതിരയെ കൊലപ്പെടുത്തിയത് സ്വന്തം അച്ഛനെങ്കില്‍, നീനുവിന്റെ ജീവിതം തകര്‍ത്തത്, കൂടെപ്പിറപ്പ്! സാംസ്‌കാരിക കേരളത്തില്‍ ദുരഭിമാനക്കൊല ആവര്‍ത്തിക്കപ്പെടുമ്പോള്‍..

അടുത്ത നാളുകളില്‍ വരെ ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവന്നിരുന്ന ഒരു പ്രതിഭാസമാണ് ദുരഭിമാനക്കൊല എന്നത്. രണ്ട് ജാതിയില്‍പ്പെട്ടവര്‍ വിവാഹിതരാകുമ്പോള്‍ അവരെ എതിര്‍ത്തുകൊണ്ട്, കുടുംബക്കാരോ നാട്ടുകാരോ തന്നെ അവരില്‍ ഒരാളെ കൊല ചെയ്യുന്ന, അത്യന്തം നീചവും പ്രാചീനവുമായ പ്രവര്‍ത്തി.

എന്നാല്‍ അടുത്തകാലത്തായി, സംസ്‌കാരത്തിലും സാക്ഷരതയിലും ഏറെ മുന്നിലെന്നഭിമാനിക്കുന്ന കേരളത്തിലും ഇത്തരം നീച പ്രവര്‍ത്തികള്‍ വളരെ ചെറിയ ഇടവേളകളില്‍ ആവര്‍ത്തിക്കപ്പെടുകയാണ്.

കോഴിക്കോട് താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിനു സ്വന്തം അച്ഛന്‍ മകളെ കുത്തിക്കൊലപ്പെടുത്തിയതിന്റെ നടുക്കം മാറും മുമ്പാണ് കോട്ടയത്ത് അടുത്ത ദുരഭിമാനക്കൊല. കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ കെവിന്‍ ജോസഫിനെയാണ് വധുവിന്റെ സഹോദരനുള്‍പ്പെടെയുള്ള ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി, ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി, തോട്ടില്‍ ഉപേക്ഷിച്ചത്.

വീട് കയറി ആക്രമിച്ചാണ് യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കണ്ടെത്തിയത്. തന്റെ സഹോദരന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയതെന്ന് ഭാര്യ നീനുവും കെവിന്റെ പിതാവും പരാതി നല്‍കിയിരുന്നു. ആദ്യ ഘട്ടത്തില്‍ ഇരുവരുടെയും പരാതി സ്വീകരിക്കാതെ ഉരുണ്ടുകളിച്ച പോലീസ്, സംഭവം മാധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെയാണ് പരാതി സ്വീകരിച്ചത്.

ഞായാറാഴ്ച പുലര്‍ച്ചെ കാറിലെത്തിയ സംഘം കോട്ടയം മാന്നാനത്തെ വീട്ടില്‍ നിന്നാണ് കെവിനെ തട്ടിക്കൊണ്ട് പോയത്. വിവാഹം കഴിഞ്ഞതിനു പിന്നാലെയാണ് ഈ ദമ്പതികള്‍ക്ക് ദുരന്തമുണ്ടായതെങ്കില്‍ വിവാഹത്തലേന്നാണ് ആതിരയ്ക്ക് കുത്തേറ്റത്.

താഴ്ന്ന ജാതിയില്‍പ്പെട്ട ബ്രിജേഷ് എന്ന യുവാവിനെ സ്നേഹിച്ച ആതിരയുടെ നിര്‍ബന്ധത്തിനു വഴങ്ങി വീട്ടുകാര്‍ വിവാഹം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തലേന്ന് വീണ്ടും പ്രകോപിതനായ ആതിരയുടെ അച്ഛന്‍ അയല്‍വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ആതിരയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.

Related posts