ഇങ്ങനെയൊക്കെ ചെയ്യാമോ? തുറിച്ചുനോക്കിയതിന് അടിച്ചുവീഴ്ത്തി; ഹോട്ടല്‍ തകര്‍ത്തു; കഴിച്ചു തുടങ്ങിയവരും പകുതി കഴിച്ചവരും കാശ് കൊടുക്കാതെ ഓടി രക്ഷപ്പെട്ടു

HOTEL1ബാലരാമപുരം: ബാലരാമപുരത്തെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ ആക്രമിച്ച് കസേരകളും മേശകളും കണ്ണാടി ചില്ലുകളും തകര്‍ത്തു.സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ രണ്ടു പേരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ഹോട്ടല്‍ റസ്റ്റോറന്റ് അസ്സോസിയേഷനും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു.

ഇന്നലെ രാത്രി 11.30ന് ബാലരാമപുരം നെയ്യാറ്റിന്‍കര റോഡിലെ എസ്പിആര്‍ ഹോട്ടലിലായിരുന്നു സംഭവം. ഹോട്ടലില്‍ നല്ല തിരക്കായിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയായിരുന്നു അക്രമം. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന പെരിങ്ങമ്മല സ്വദേശികള്‍ തങ്ങളെ തുറിച്ചു നോക്കിയെന്ന കാരണം പറഞ്ഞായിരുന്നു വഴിമുക്ക് സ്വദേശികളായ അഞ്ചംഗ സംഘം ആക്രമിച്ചത്. അടി തുടങ്ങിയതോടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബം കൈകഴുകാന്‍ പോലും നില്‍ക്കാതെ  പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കഴിച്ചു തുടങ്ങിയവരും പകുതി കഴിച്ചവരും കാശ് കൊടുക്കാന്‍ പോലും നില്‍ക്കാതെ ഓടി രക്ഷപ്പെട്ടു. നിരവധി കസേരകളും മേശകളും അക്രമികള്‍ തകര്‍ത്തു. ചുവരിലെ കണ്ണാടിയും എറിഞ്ഞുടച്ചു.

പാകം ചെയ്ത ഇറച്ചിയും കറികളും ഭക്ഷണ പദാര്‍ഥങ്ങളും വില്‍പ്പന നടത്താന്‍ കഴിയാത്തതും ഫര്‍ണ്ണിച്ചറുകള്‍ തകര്‍ത്തതും വലിയ നഷ്ടമുണ്ടാക്കിയതായി ഉടമ രാജാറാം പറഞ്ഞു.അക്രമത്തില്‍ തലക്ക് പരിക്കേറ്റ വെങ്ങാനൂര്‍ ചാവടിനട ദര്‍ശനയില്‍ എസ്.സുജിത്(29),പെരിങ്ങമ്മല പുല്ലാനിമുക്ക് സ്വദേശി യു.നിദേഷ്(28) എന്നിവരെ പരിക്കുകളോടെ  നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവവുമായി ബന്ധപ്പെട്ട് വഴിമുക്ക് സ്വദേശികളായ നിയാസ്(28),അസ്‌റുദ്ദീന്‍(27) അബ്ദുള്‍ ഹമീദ്(27) എന്നിവരെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു.

Related posts