മുനമ്പം മനുഷ്യക്കടത്തില്‍ നടന്നത് കോടികളുടെ ഇടപാട് ! ഒരാള്‍ക്ക് ഈടാക്കിയത് ഒന്നരലക്ഷം വീതം; ഓസ്‌ട്രേലിയയിലേക്ക് തിരിച്ചിട്ടുള്ള 200 പേരില്‍ ഇന്ത്യക്കാരും; ഡല്‍ഹി സ്വദേശിയില്‍ നിന്നു പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മുനമ്പം മനുഷ്യക്കടത്തില്‍ നടന്നത് കോടികളുടെ ഇടപാടെന്ന് വിവരം. ഒരാള്‍ക്ക് ഒന്നരലക്ഷം വച്ച് ഏകദേശം 200 പേര്‍ ഓസ്‌ട്രേലിയയിലേക്ക് യാത്ര തിരിച്ചതായി ഡല്‍ഹിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്ത ദീപക് പറഞ്ഞു. ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലുള്ള ദീപക്, പ്രഭു എന്നിവരെ ഇന്ന് കൊച്ചിയില്‍ കൊണ്ടുവരും. മനുഷ്യക്കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം തമിഴ്നാട് സ്വദേശികള്‍ ആണെന്നാണ് പോലീസ് കണ്ടെത്തല്‍.

ദീപകിന്റെ ഭാര്യയും കുഞ്ഞും യാത്രാസംഘത്തിലുണ്ട്. ഡല്‍ഹിയില്‍ നിന്ന് ചെന്നെയിലും കോയമ്പത്തൂരിലും ട്രെയിന്‍ മാര്‍ഗം ചിലര്‍ എത്തിയപ്പോള്‍ ചിലര്‍ കൊച്ചിയിലേക്കു നേരിട്ടു വിമാനത്തിലാണു വന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ആധാര്‍ കാര്‍ഡാണ് യാത്രാരേഖയായി ഉപയോഗിച്ചത്. മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ബോട്ടുടമ അനില്‍കുമാറിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓസ്ട്രേലിയയിലേക്ക് കടന്ന സംഘത്തിന് ബോട്ട് വാങ്ങി നല്‍കാന്‍ കൂട്ടുനിന്നത് അനില്‍കുമാര്‍ ആണെന്ന് പൊലീസ് കണ്ടെത്തി. മുനമ്പത്തുനിന്ന് മത്സ്യബന്ധനബോട്ടില്‍ കടന്ന സംഘത്തില്‍ ഇന്ത്യക്കാരും ഉണ്ടെന്നു വിവരമുണ്ട്.

ഡല്‍ഹിയിലെ മെദാന്‍ഗിറിലുള്ള ചേരിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. കൊച്ചിയില്‍നിന്നുള്ള അന്വേഷണസംഘം ഈ കോളനിയിലെത്തി അന്വേഷണം നടത്തിവരികയാണ്. കോളനിയില്‍ താമസിച്ചിരുന്നവര്‍ തന്നെയാണ് ചെറായിയില്‍ റിസോര്‍ട്ടില്‍ താമസിച്ചിരുന്നവരെന്നും തിരിച്ചറിഞ്ഞു. 43 അംഗ സംഘത്തിലെ പലരും കുടുംബാംഗങ്ങളാണ്. ചിലരെ തിരിച്ചറിയാനായിട്ടില്ല. ഇതിനുവേണ്ടി കോയമ്പത്തൂരും ചൈന്നെയിലും കേരള പോലീസ് പരിശോധന നടത്തിവരികയാണ്. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്ന് ആരും കാണാതായിട്ടില്ലെന്നാണ് തമിഴ്നാട് പോലീസ് പറയുന്നത്.

ഇതോടെ മുനമ്പത്തു നിന്നു കടന്നത് ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ തന്നെയാണോ എന്ന സംശയത്തിലാണ് പോലീസ്. 60,000ല്‍ പരം ശ്രീലങ്കന്‍ വംശജരാണു തമിഴ്നാട്ടിലുള്ളത്. സംഘത്തിലുള്ളവര്‍ കൂടുതലും ശ്രീലങ്കന്‍ ക്യാമ്പില്‍നിന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് ആന്ധ്രാപ്രദേശിലും ഡല്‍ഹിയിലും എത്തിയവരാണെന്നാണു വിവരം. തമിഴ്നാട്ടുകാര്‍ എന്നു കാണിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളും ഇവരുടെ കൈവശമുണ്ടെന്ന് കോളനിക്കാര്‍ പറഞ്ഞു. ഇത് വ്യാജമായി സംഘടിപ്പിച്ചതാവാമെന്നാണു പോലീസിന്റെ സംശയം.

മനുഷ്യക്കടത്തിനു പിന്നില്‍ രാജ്യാന്തര റാക്കറ്റിന്റെ കരങ്ങളുള്ളതായി നിലവില്‍ വിവരമെന്നും ലഭിച്ചിട്ടില്ല. സംഘത്തിലുള്ളവര്‍ തന്നെ മുന്‍െകെയെടുത്താണ് യാത്ര നടത്തിയതെന്നാണ് വിവരം. ഇവര്‍ ചെന്നെത്താന്‍ സാധ്യതയുണ്ടെന്നു സംശയിക്കുന്ന ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ആഫ്രോ -ഏഷ്യന്‍ -ഗള്‍ഫ് രാജ്യങ്ങള്‍ക്കു വിവരം െകെമാറിയിട്ടുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. മുനമ്പത്തുനിന്ന് സംഘവുമായി യാത്രതിരിച്ച ദയമാതാ എന്ന ബോട്ടിനെപ്പറ്റി നാവികസേനയ്ക്കും തീരസേനയ്ക്കും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ബോട്ട് ഇതിനോടകം പുറംകടല്‍ കടന്നിട്ടുണ്ടെന്നാണ് നിഗമനം.

Related posts