Set us Home Page

വര്‍ഷങ്ങളുടെ അടുപ്പത്തെത്തുടര്‍ന്ന് ഒളിച്ചോടി വിവാഹം ! ഭര്‍ത്താവ് കാലനായതോടെ ജീവിതം നരകതുല്യമായി; നാണക്കേടിനെത്തുടര്‍ന്ന് വീട്ടുകാര്‍ നാട്ടുവിട്ടു പോയി; ദുരിത ജീവിതത്തില്‍ നിന്നും പ്രിയങ്ക രക്ഷനേടിയത് മരണത്തില്‍ അഭയം പ്രാപിച്ച്…

കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പുറത്തു വരുന്നത് ഭര്‍ത്താവിന്റെ ക്രൂരതകളുടെ കഥ. സംഭവത്തില്‍ മരിച്ച അധ്യാപികയുടെ ഭര്‍ത്താവ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനില്‍ സജു(27)വിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബുധനാഴ്ചയാണ് സജുവിന്റെ ഭാര്യ പ്രിയങ്ക (23) തീപ്പൊള്ളലേറ്റ് മരിച്ചത്. പ്രണയ ജീവിതം നരക തുല്യമായപ്പോഴാണ് ചവറ തെക്കുംഭാഗം മാലിഭാഗത്ത് സജു ഭവനില്‍ പ്രിയങ്ക (23) മരണത്തെ സ്വയംവരിച്ചത്. വീടിന് സമീപത്തുതന്നെയുള്ള സജുവുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. വീട്ടിലറിഞ്ഞപ്പോള്‍ മതങ്ങളുടെ വേലിക്കെട്ടും മറ്റ് വിഷയങ്ങളും തടസമായി. ഒടുവില്‍ പ്രിയങ്ക 2017ഏപ്രില്‍ ആറിന് രാത്രി പ്രണയ നായകനായ സജുവിനൊപ്പം ഇറങ്ങിപ്പോയത് ഒരുപാട് സ്വപ്നങ്ങള്‍ നെയ്തുകൂട്ടിയായിരുന്നു.

പതിനഞ്ചു ദിവസം മറ്റൊരു നാട്ടില്‍ ഒളിച്ചു താമസിച്ചതിനു ശേഷമായിരുന്നു പ്രിയങ്ക സജുവിന്റെ വീട്ടിലേക്ക് എത്തിയത്. ഈ സമയം കൊണ്ട് സ്വന്തം വീട്ടുകാര്‍ പ്രിയങ്കയ്ക്ക് അന്യരായിക്കഴിഞ്ഞിരുന്നു. നാണക്കേടും വിഷമവും സഹിക്കാനാവാതെ പ്രിയങ്കയുടെ മാതാപിതാക്കള്‍ തങ്ങളുടെ വസ്തുവും വീടും വിറ്റ് വാക്കനാട് സ്ഥലം വാങ്ങി താമസവും മാറി. ഇരുവീട്ടുകാരും തമ്മില്‍ പിന്നീട് ഒരു ബന്ധവും ഉണ്ടായില്ല. എങ്കിലും ഇടയ്ക്കിടെ പ്രിയങ്ക അമ്മ ശശികലാദേവിയെ ഫോണ്‍ ചെയ്തുതുടങ്ങി. മാതൃവാത്സല്യത്തിന് മുന്നില്‍ എതിര്‍പ്പുകള്‍ അകന്നുവന്നതാണ്. പ്രിയങ്ക ഗര്‍ഭിണി ആയതോടെ ഫോണ്‍വിളി കൂടുകയും ചെയ്തു.

വീട്ടിലെ പീഡനങ്ങള്‍ അപ്പോഴൊക്കെ അവള്‍ അമ്മയോട് ചെറുതായി സൂചിപ്പിക്കുകയും ചെയ്തു. മനസ്സിന്റെയും ശരീരത്തിന്റെയും വിഷമങ്ങള്‍ അബോര്‍ഷനിലെത്തി. പിന്നീട് തീര്‍ത്തും ബുദ്ധിമുട്ടിലേക്ക് മാറുകയായിരുന്നു. ബി.എഡ് പാസായതിനാല്‍ ശാസ്താംകോട്ടയിലെ സ്വകാര്യ സ്‌കൂളില്‍ പ്രിയങ്ക അദ്ധ്യാപികയായി ജോലിക്ക് കയറി. ശമ്പളത്തെക്കാള്‍ രാവിലെ മുതല്‍ വൈകിട്ടുവരെയുള്ള സമയം തള്ളാനൊരു ആശ്വാസ മാര്‍ഗ്ഗമായിട്ടാണ് ഈ ജോലി പ്രിയങ്ക കണ്ടത്. പുലര്‍ച്ചെ എഴുന്നേറ്റ് ആഹാരം പാകം ചെയ്യുന്നതുള്‍പ്പടെ ജോലിത്തിരക്ക് തുടങ്ങും. സ്‌കൂളില്‍ നിന്നുവന്നാലും ജോലിയ്ക്ക് കുറവില്ല. ഭര്‍ത്താവിന്റെ മാതാപിതാക്കളെയും സംരക്ഷിക്കേണ്ടതുണ്ട്.

എല്ലാ ജോലികളും തീര്‍ത്ത് അന്തിയുറക്കത്തിനൊരുങ്ങുമ്പോള്‍ മദ്യ ലഹരിയിലെത്തുന്ന സജുവിന്റെ കൊടിയ മര്‍ദ്ദനങ്ങള്‍. കാരണം സ്ത്രീധനം വേണമെന്നതു തന്നെ. അടികൊണ്ട് കരയുമ്പോള്‍ ആശ്വസിപ്പിക്കാന്‍ പോലും പ്രിയങ്കയ്ക്ക് ഒരു തുണയില്ലാതെ വന്നു. നേരിട്ട് പറഞ്ഞില്ലെങ്കിലും അയല്‍ക്കാരില്‍ നിന്നും മറ്റുമായി പ്രിയങ്കയുടെ വീട്ടുകാര്‍ ഇതൊക്കെ അറിയുന്നുണ്ടായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് വഴക്കുകൂടി സജു തള്ളിയിട്ടപ്പോള്‍ പ്രിയങ്കയുടെ കാലിന് പൊട്ടലേറ്റിരുന്നു. ആശുപത്രിയില്‍ നിന്ന് മടങ്ങി വീട്ടിലെത്തിയപ്പോഴും പീഡനങ്ങള്‍ക്ക് കുറവുണ്ടായില്ല. ഒടുവില്‍ അവള്‍ മരണത്തെ സ്വയം വരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്. മരണത്തിലെ ദുരൂഹത ആദ്യദിനത്തില്‍ത്തന്നെ ബോദ്ധ്യപ്പെട്ടതിനാല്‍ സജുവിനെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്യുകയും ഇന്നലെ കോടതി റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. ഈ ആഴ്ച സജുവിനെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തും.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS