കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് കൊച്ചിയില്‍ എണ്‍പത്തിയൊന്നുകാരനായ ഡോക്ടറില്‍ നിന്ന് വ്യാജ വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. എറണാകുളം ചാത്ത്യാത്ത് റോഡിലെ ഫ്ളാറ്റില്‍ താമസിക്കുന്ന വി.ജെ സെബാസ്റ്റ്യനാണ് (81) ആണ് തട്ടിപ്പിന് ഇരയായത്.
ഈ മാസം ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ദിവാലി സിംഗ്, പ്രണവ് ദയാല്‍, മറ്റൊരു ഉത്തരേന്ത്യക്കാരന് എന്നിവരെ പ്രതി ചേര്‍ത്താണ് സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. പണം കൈമാറിയ ബാങ്ക് അക്കൗണ്ടുകളടക്കം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം.
വെര്‍ച്വല്‍ അറസ്റ്റിലൂടെ ഡോക്ടറില്‍ നിന്നും പ്രതികള്‍ 1.30 കോടി രൂപയാണ് തട്ടിയെടുത്തത്. സംഭവത്തില്‍ പരാതി ലഭിച്ച് മണിക്കുറുകള്‍ക്കകം സൈബര്‍ പോലീസ് 1.06 കോടി രൂപയുടെ തുടര്‍ കൈമാറ്റം ഫ്രീസ് ചെയ്തിരുന്നു.ടെലികോമില്‍ നിന്നാണെന്ന് പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പുകാര്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്.
മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും സിബിഐ കേസെടുത്തിട്ടുണ്ടെന്നും തട്ടിപ്പ് സംഘം ഡോക്ടറെ വിശ്വസിപ്പിച്ചു. പിന്നീട് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാട്സ്ആപ്പില്‍ വീഡിയോ കോളിലൂടെ പ്രത്യക്ഷപ്പെട്ട് 48 മണിക്കൂറോളം വെര്‍ച്വല്‍ അറസ്റ്റിലാക്കി.
പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിന്റെ ഭാഗമായി തട്ടിപ്പ് സംഘം കൈമാറിയ അക്കൗണ്ടിലേക്ക് പണം അയക്കാനും പരിശോധനക്ക് ശേഷം ഇത് തിരികെ നല്‍കുമെന്നും തട്ടിപ്പ് സംഘം ഡോക്ടറെ അറിയിച്ചു. ഇതുപ്രകാരം പണം കൈമാറിയെങ്കിലും തിരികെ ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ ഹെല്പ് ലൈന്‍ നമ്പറായ 1930ല്‍ പരാതിപ്പെട്ടത്.
വിവരം പുറത്തു പറഞ്ഞാല്‍ ഫോട്ടോയും വിവരങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും തട്ടിപ്പ് സംഘം ഭീഷണിപ്പെടുത്തിയിരുന്നു. പരാതിക്ക് പിന്നാലെ പോലീസ് നടത്തിയ തുടര്‍നടപടികളിലാണ് 1.06കോടി ഫ്രീസ് ചെയ്യാനായത്.
വെര്‍ച്വല്‍ അറസ്റ്റ് നിയമപരമല്ല; പരാതിപ്പെടണം
മുതിര്‍ന്ന പൗരന്മാരെ കേന്ദ്രീകരിച്ചണ് സംസ്ഥാനത്ത് നിലവില്‍ സൈബര്‍ തട്ടിപ്പുകള്‍ ഭൂരിഭാഗവും നടക്കുന്നത്. വെര്‍ച്വല്‍ അറസ്റ്റ് എന്നത് നിയമപരമല്ലെന്ന് പോലീസ് അറിയിച്ചു.
ഇത്തരം തട്ടിപ്പുകള്‍ക്ക് ശ്രമം ഉണ്ടായാല്‍ ഉടനെതന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടണം.

