ന്യൂഡൽഹി: ആറര പതിറ്റാണ്ടിനിടയിൽ പാക്കിസ്ഥാൻ ഇന്ത്യയിൽ നൂറുകണക്കിനു ഭീകരാക്രമണങ്ങൾ നടത്തിയെന്നും കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ 20,000ലേറെ ഇന്ത്യക്കാർ പാക് തീവ്രവാദ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് ആണു പാക്കിസ്ഥാന്റെ ഭീകരമുഖം തുറന്നുകാണിച്ചത്.
“ഭീകരതയുടെ ആഗോള പ്രഭവകേന്ദ്ര’മായ പാക്കിസ്ഥാൻ അതിർത്തികടന്നുള്ള ഭീകരതഅവസാനിപ്പിക്കുന്നതുവരെ 65 വർഷം പഴക്കമുള്ള സിന്ധു നദീജല കരാർ നിർത്തിവയ്ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ജമ്മു കാഷ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് താത്കാലികമായി നിർത്തിവച്ച സിന്ധു നദീജല ഉടമ്പടിയെക്കുറിച്ച്, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന പാക്കിസ്ഥാനെ ഇന്ത്യ ശക്തമായി വിമർശിച്ചു.
ജലം ജീവനാണ്, യുദ്ധായുധമല്ല എന്നു പറഞ്ഞ് പാക് പ്രതിനിധി കരാർ വിഷയം ഉന്നയിച്ചപ്പോഴാണ് പർവതനേനി ഹരീഷ് പാക്കിസ്ഥാനെതിരേ ആഞ്ഞടിച്ചത്. പഹൽഗാമിൽ ആക്രമണം നടത്തിയത് പാക് ഭീകരരാണ്. ഇതേത്തുടർന്നാണ് ഇന്ത്യ കരാർ നിർത്തിവച്ചതെന്നും ഭീകരാക്രമണങ്ങൾ നടത്തി ഉടമ്പടിയുടെ ആത്മാവിനെ പാക്കിസ്ഥാൻ ലംഘിച്ചെന്നും പർവതനേനി ഹരീഷ് പറഞ്ഞു.