ബാലി: ഇന്തോനേഷ്യയിലെ ബാലിയിൽ യാത്രാബോട്ട് മുങ്ങി രണ്ടുപേർ മരിച്ചു. 43പേരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഇരുപതുപേരെ രക്ഷപ്പെടുത്തി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന സൂചന. 65പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
ഇന്നലെ രാത്രി 11.20ഓടെ കിഴക്കൻ ജാവയിലെ കെറ്റപാംഗ് തുറമുഖത്തുനിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്കു പോകുകയായിരുന്ന കെഎംപി ടുനു പ്രതാമ ജയ എന്ന യാത്രാബോട്ട് ആണ് അപകടത്തിൽപ്പെട്ടത്. യാത്ര തുടങ്ങി മുപ്പതു മിനിറ്റിനുശേഷമായിരുന്നു അപകടം.
ബോട്ടിൽ 53 യാത്രക്കാരും 12 ജീവനക്കാരും നിരവധി ട്രക്കുകൾ ഉൾപ്പെടെ 22 വാഹനങ്ങളുമുണ്ടായിരുന്നു. രക്ഷപ്പെട്ടവരിൽ പലരും അബോധാവസ്ഥയിലായിരുന്നു. ഒമ്പത് രക്ഷാ ബോട്ടുകൾ കാണാതായവർക്കായുള്ള തെരച്ചിലിൽ ഏർപ്പെട്ടിരിക്കുന്നു. രണ്ട് മീറ്റർവരെ ഉയരത്തിൽ തിര ഉയരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന് നാഷണൽ സെർച്ച് ആൻഡ് റെസ്ക്യൂ ഏജൻസി അറിയിച്ചു.
17,000 ത്തോളം ദ്വീപുകളുള്ള തെക്കുകിഴക്കൻ ഏഷ്യൻ ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ ബോട്ട് അപകടങ്ങൾ പതിവാണ്. കാലഹരണപ്പെട്ട കപ്പലുകളും സുരക്ഷാപരിശോധനകളുടെ അപര്യാപ്തതയും പലപ്പോഴും ദൈനംദിന യാത്രകളെ അപകടകരമാക്കുന്നു.
മാസങ്ങൾക്കു മുമ്പ്, ബാലിക്ക് സമീപം ടൂറിസ്റ്റ് ബോട്ട് മറിഞ്ഞ് ഓസ്ട്രേലിയൻ വനിത മരിച്ചിരുന്നു. 2018ൽ ടോബ തടാകത്തിൽ ബോട്ട് മുങ്ങി 150ഓളം ആളുകൾ മരിക്കുകയുണ്ടായി. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഫെറി ദുരന്തങ്ങളിലൊന്നാണിത്.