കുട്ടിക്കാലത്ത് നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ മാറ്റിനിർത്തലുകൾ നേരിട്ടിട്ടുണ്ടെന്നു നടിയും ഗായികയുമായ രമ്യ നമ്പീശൻ. പതിനഞ്ചുകാരിയായ രമ്യയോട് ഇപ്പോൾ എന്താകും പറയാനുള്ളത് എന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു താരം. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രമ്യ.
’15 വയസുകാരിയായ രമ്യയോട് കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്. ചിലപ്പോൾ ഒരു ദിവസം മതിയായെന്നുവരില്ല. ഞാൻ അന്നങ്ങനെ ജീവിച്ചതു കൊണ്ടാണ് ഇന്നു കാണുന്ന രമ്യയാകാൻ കഴിഞ്ഞത്. എനിക്കൊരു നല്ല കുടുംബമുണ്ടായിരുന്നു. അതുകൊണ്ട് വലിയ പ്രശ്നങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ഞാനായിട്ട് ഉണ്ടാക്കിയ പ്രശ്നങ്ങൾ മാത്രമേയുള്ളൂ.
പക്ഷേ, സമൂഹത്തിൽനിന്ന് ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. നിറത്തിന്റെ പേരിലും രൂപത്തിന്റെ പേരിലുമൊക്കെ ഏറെ മോശം അനുഭവങ്ങളും മാറ്റിനിർത്തലുമൊക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. പലർക്കും അത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാകും. പക്ഷേ, അതെല്ലാം മറികടക്കാൻ പറ്റി എന്നതാണ് എന്റെ വിജയം’- രമ്യ പറഞ്ഞു.
ഓരോ പടിയായി ലക്ഷ്യത്തിലെത്തിയ ആളാണു ഞാൻ. എല്ലാ കാര്യങ്ങളും സ്വന്തമായി ആർജിച്ചെടുത്തതാണ്. അങ്ങനെയാണ് ഇന്നു കാണുന്ന രമ്യയിലേക്ക് എത്തിയത് എന്ന രമ്യ നമ്പീശൻ കൂട്ടിച്ചേർത്തു.