‘ആര്യനാട് ചേരപ്പള്ളിയാണു ഞാൻ ജനിച്ചു വളർന്ന നാട്. സീരിയലിൽ സജീവമായപ്പോഴാണു നഗരത്തിലേക്കു കൂടുതലായി യാത്ര ചെയ്യുന്നതു പോലും. അന്നൊക്കെ തിരുവനന്തപുരം സിറ്റിയിൽ വാടകയ്ക്കെങ്കിലും ഒരു വീടുണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. ആ പ്രാർഥനകൾക്കു പദ്മനാഭസ്വാമി തന്ന മറുപടിയാണു ദേവാമൃതം എന്ന ഈ വീട്.
ഞാനും ചേച്ചി അഖിലയും ചേർന്നു വച്ച വീടാണ്. വീടിനു പുറമേ കുറച്ചു വസ്തുവും വാങ്ങി. ആര്യനാടുള്ള വീട് ഞങ്ങൾക്കേറെ പ്രിയപ്പെട്ടതാണ്. അച്ഛനും അമ്മയ്ക്കുമുള്ള സമ്മാനമായി അതു ഞാൻ പുതുക്കിപ്പണിതു. സ്കൂളിൽ പഠിക്കുമ്പോഴേ ഞാനും ചേച്ചിയും ട്യൂഷൻ എടുക്കുമായിരുന്നു.
അന്പതോ നൂറോ രൂപയാണു ഫീസ് ആയി കിട്ടുക. ഞങ്ങളുടെ ആവശ്യങ്ങൾ അതുകൊണ്ടു നടക്കും. മിച്ചം അമ്മയെ ഏൽപ്പിക്കും. പണം ചെലവാക്കുന്നതിനുമുന്പ് ഇന്നും രണ്ടുവട്ടം ആലോചിക്കും. സീരിയലിൽ അഭിനയിച്ചു തുടങ്ങുന്ന കാലത്തും ട്യൂഷനെടുത്തിരുന്നു. സ്റ്റേജ് ഷോകളും സീരിയലുമൊക്കെ ചെയ്യുമ്പോൾ നല്ല ഡ്രസ് വേണം. അന്ന് സ്പോൺസർമാരൊന്നുമില്ല.
തുണി എടുത്തു തയ്ക്കണമെങ്കിൽ നല്ല തുകയാകും. അതുകൊണ്ട് യുട്യൂബ് നോക്കി തയ്യൽ പഠിച്ചു. സീരിയലിൽ തിരക്കാകുംവരെ എന്റെ ഉടുപ്പുകളെല്ലാം ഞാൻ തന്നെയാണു തയ്ച്ചിരുന്നത്. -അനുമോൾ