കൊച്ചി: വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പിന്നാലെ മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ സംഘടനയായ “അമ്മ’ ഭരണസമിതി രാജിവച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരച്ചൂട് ഏറും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായ ഇന്നലെ 74 പേരാണ് പത്രിക നല്‍കിയത്. മത്സരരംഗത്തേക്കില്ല എന്ന് മോഹന്‍ലാല്‍ അറിയിച്ചതിന് പിന്നാലെ ആറ് പേരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കിയത്. ജഗദീഷ്, ശ്വേതാ മേനോന്, രവീന്ദ്രന്, ദേവന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്ത് മത്സര രംഗത്തുള്ളവര്‍.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന് ജയന് ചേര്‍ത്തല, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ ജോയിന്റ് സെക്രട്ടറിയായ ബാബുരാജ് എന്നിവരും പത്രിക നല്‍കിയിട്ടുണ്ട്. നിലവിലെ എക്സിക്യൂട്ടീവ് അംഗം അന്‍സിബ ഹസന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക നല്കി. നടന് ജോയ് മാത്യു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചെങ്കിലും പേരിലെ പ്രശ്നം കാരണം പത്രിക തള്ളി. ജൂലൈ 31ന് മത്സരിക്കുന്നവരുടെ അന്തിമപട്ടിക പുറത്തുവിടും.
അതേസമയം, ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ സംഘടനയ്ക്കുള്ളില്‍ രണ്ട് അഭിപ്രായമാണുള്ളത്. ബാബുരാജും ജയന് ചേര്‍ത്തലയും അടക്കമുള്ള മുന്‍ ഭരണസമിതിയിലെ അംഗങ്ങള്‍ ഇപ്രാവശ്യവും മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് ആരോപണ വിധേയരെ മാറ്റിനിര്‍ത്തണമെന്ന അഭിപ്രായം സംഘടനകത്തുള്ള അംഗങ്ങള്‍ തന്നെ ഉന്നയിക്കുന്നത്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയ സ്ഥാനങ്ങളിലേക്കാണ് ഓഗസ്റ്റ് 15ന് തെരഞ്ഞടുപ്പ് നടക്കുന്നത്. അന്നുതന്നെ ഫലപ്രഖ്യാപനമുണ്ടാവും. 505 അംഗങ്ങള്‍ക്കാണ് വോട്ടവകാശമുള്ളത്. മോഹന്‍ലാല്‍ ആയിരുന്നു കഴിഞ്ഞ മൂന്ന് തവണയുടെ അമ്മയുടെ പ്രസിഡന്റ്. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ കൂട്ട ആരോപണങ്ങളെ തുടര്‍ന്നാണ് മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി ഒന്നടങ്കം രാജിവച്ചത്.