കൊച്ചി: വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പിയായ എസ്. ശശിധരന് ആ സ്ഥാനമൊഴിയുന്നത് 33 കൈക്കൂലിക്കാരെ കൈയോടെ പൊക്കിയ ശേഷം. 2024 സെപ്റ്റംബര്‍ 20 നാണ് എസ്. ശശിധരന് വിജിലന്‍സ് എസ്പിയായി ചുമതലയേറ്റത്. ഇദ്ദേഹം വിജിലന്‍സ് തലപ്പത്ത് എത്തിയതിനു ശേഷം കൈക്കൂലിക്കാരായ പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു.
24 കൈക്കൂലിക്കേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ഏറ്റവും വലുതായിരുന്നു ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയായ കൈക്കൂലി കേസ്. ആഫ്രിക്കയില്‍നിന്ന് കശുവണ്ടി ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ ഇഡി റജിസ്റ്റര്‍ ചെയ്ത കേസ് ഒതുക്കുന്നതിന് രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നായിരുന്നു കേസ്. ഏജന്റുമാര്‍ മുഖേനെ രണ്ടു ലക്ഷം രൂപ ആദ്യ ഗഡുവായി വാങ്ങി എന്നുള്ള കേസില്‍ ഇഡി ഉദ്യോഗസ്ഥനായിരുന്നു ഒന്നാം പ്രതി.
എറണാകുളം ആര്‍ടിഒ ആയിരുന്ന ടി.എം.ജേര്സനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്തതും ഇദ്ദേഹമാണ്. കൊച്ചി കോര്‍പറേഷനിലെ ബില്‍ഡിംഗ് ഓഫിസറായിരുന്ന തൃശൂര്‍ സ്വദേശി സ്വപ്നയെ കാറില്‍ വച്ച് പിടികൂടിയതായിരുന്നു മറ്റൊരു സംഭവം. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും സ്വപ്നയില്‍നിന്ന് അനുമതി കിട്ടണമെങ്കില്‍ കൈക്കൂലിയായി വന്‍ തുക നൽകണമെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. ആര്‍ടിഒ, റവന്യു, മോട്ടോര്‍ വാഹന വകുപ്പ്, ഫോറസ്റ്റ്, പോലീസ്, കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 33 പേര് അറസ്റ്റിലായി. കൈക്കൂലിയിനത്തില് ഇവര്‍ വാങ്ങിയ 6,96,000 രൂപ വിജിലന്‍സ് വകുപ്പ് പിടിച്ചെടുക്കുകയുണ്ടായി.
ഇഡി അസിസ്റ്റന്റ് ഡയറക്ടറെ ചോദ്യം ചെയ്യുന്നതിനിടെയാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പിയെ സ്ഥലം മാറ്റിയിരിക്കുന്നത്. കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കേയുള്ള ഈ സ്ഥലം മാറ്റം അന്വേഷണത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇഡി അസി. ഡയറക്ടര്‍ ശേഖര്‍ കുമാറിനെ കഴിഞ്ഞ ബുധനാഴ്ചയും എസ്പി ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.
പിടിച്ചെടുത്ത രേഖകളും ഇയാളുടെ മൊഴിയും ഒത്തുനോക്കി വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അന്വേഷണ സംഘം. ഇതിനിടയിലാണ് എസ്പിക്ക് സ്ഥലം മാറ്റം. തൃശൂര്‍ കേരള പോലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായി (അഡ്മിനിസ്ട്രേഷന്) എസ്പിയെ മാറ്റിയത്. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പലായിരുന്ന പി.എന്‍. രമേശ്കുമാറാണ് വിജിലന്‍സ് എറണാകുളം റേഞ്ച് എസ്പിയായി എത്തുന്നത്.