നാളെ ജൂലൈ 27. ഹെഡ് ആൻഡ് നെക്ക് കാൻസർ ദിനം. പഴയ ഒരു ഹെഡ് ആൻഡ് നെക്ക് കാൻസർ ക്യാമ്പിനെക്കുറിച്ചുള്ള ഒരോർമ പങ്കുവയ്ക്കാം. ഞങ്ങളെ സംബന്ധിച്ച് ഓരോ ക്യാമ്പും ഓരോ വിദ്യാലയമാണ്. ഓരോ രോഗിയും ഓരോ പുതിയ പാഠം നൽകാറുണ്ട്. അങ്ങനെ ഒരാളായിരുന്നു ഗംഗാധരൻ. മുഖത്തിന്റെ ഒരു ഭാഗം മുഴുവൻ കാൻസർ തിന്നു പോയ ആ മനുഷ്യൻ മറ്റേ ഭാഗം ഷേവ് ചെയ്ത്, ഒരു ഭാഗം തോർത്തുകൊണ്ട് മൂടിവച്ചാണ് അന്നത്തെ ക്യാമ്പിന് എത്തിയത്.
ആരും കാണരുതെന്ന് എത്ര ആഗ്രഹിച്ചാലും എനിക്ക് എന്തോ കുഴപ്പമുണ്ട് എന്ന് വിളിച്ചുപറയും വിധം രൂപം മാറിയിരിക്കുന്നു. രൂപത്തിൽ മാത്രമല്ല സംസാരത്തിലും അതു വ്യക്തമായിരുന്നു. പല വാക്കുകളും വ്യക്തമല്ല, നാവു കുഴഞ്ഞു പോകുന്നു, ഭക്ഷണത്തിനു രുചിയില്ല ഇങ്ങനെ പല പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടേയിരുന്നു. എന്നാൽ സത്യത്തിൽ ആ അച്ഛന്റെ പ്രശ്നം അതുമാത്രം ആയിരുന്നില്ല.
പല വാക്കുകളും വ്യക്തമല്ലാത്തതുകൊണ്ടുതന്നെ രണ്ടാമതു പറയേണ്ടി വരുന്നു. ചിലപ്പോൾ പറയാൻ ഉദ്ദേശിക്കുന്നതു പറയാൻ കഴിയാതെ വരുന്നു. മക്കൾ രണ്ടാമത് എന്താണെന്നു ചോദിക്കുമ്പോൾ സ്വയം ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ കണ്ണിൽ കണ്ട സാധനങ്ങൾ എടുത്തെറിയുന്നു. യഥാർത്ഥത്തിൽ ഇതായിരുന്നു ആ അച്ഛന്റെ വിഷമം.
വേണ്ട മരുന്നുകളും മാനസിക പിന്തുണയും കൊടുത്തതോടെ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ ഏതാണ്ട് മുഴുവനായും മാറി. പക്ഷേ, കാൻസർ സമ്മാനിച്ച വൈരൂപ്യം അതേപോലെ നിലനിന്നു. നേരത്തെ കണ്ടുപിടിച്ചിരുന്നെങ്കിൽ ഇത്ര പ്രശ്നം ഉണ്ടാകില്ലായിരുന്നു.
മുഖവൈകല്യങ്ങൾ
മറ്റേതു കാൻസറിനേക്കാളും മുഖവൈകല്യങ്ങളും ചികിത്സ കഴിഞ്ഞാൽ പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഹെഡ് ആൻഡ് നെക്ക് കാൻസറുകൾക്കു കൂടുതലാണ്. ആ മാറ്റങ്ങളോടു പൊരുത്തപ്പെടാൻ ഒരുപക്ഷേ, ചിലർക്ക് ഒരുപാടു കാലങ്ങൾ വേണ്ടിവരും. അതുവരെ നേരിട്ട ചികിത്സകളെക്കാൾ അതിനുശേഷം ഉണ്ടാകുന്ന മാറ്റങ്ങൾ ആയിരിക്കാം അവരെ സംബന്ധിച്ചിടത്തോളം ഒരു വലിയ പരീക്ഷണം.
സർജറി, കീമോ തെറാപ്പി, റേഡിയോ തെറാപ്പി എന്നിവയ്ക്കുശേഷം നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, സംസാര വൈകല്യം, മുഖ വൈകല്യം, ക്ഷീണം, മുടി കൊഴിച്ചിലും മനസിക തളർച്ച എന്നിവയോക്കെയാണ് പ്രധാനമായും കണ്ടുവരുന്നത്.
(തുടരും)