പരവൂർ (കൊല്ലം): യാത്രക്കാരുടെ ലഗേജുകളുടെ പരിശോധന ഇനി വിമാനത്താവള മാതൃകയിലാക്കാൻ റെയിൽവേ തീരുമാനം. പ്ലാറ്റ്ഫോമിൽ പ്രവേശിക്കുന്നതിന് മുമ്പ് യാത്രക്കാരുടെ ബാഗുകളുടെ ഭാരവും വലിപ്പവും കൃത്യമായി പരിശോധിക്കും. ഇതിന് മുന്നോടിയായി രാജ്യത്തെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ സ്കാനിംഗ് സംവിധാനം അടക്കമുള്ള ഇലക്ട്രോണിക് ലഗേജ് മെഷീനുകൾ സ്ഥാപിക്കും.
യാത്രക്കാർക്ക് ട്രെയിനുകളിൽ കൊണ്ടുപോകാവുന്ന ലഗേജുകൾക്ക് നിലവിൽ പരിധിയുണ്ട്. എന്നാൽ ബാഗുകളുടെ വലിപ്പത്തിനും ഇനി മുതൽ പരിധി നിശ്ചയിക്കും.ബാഗിന്റെ വലിപ്പം ആവശ്യത്തിലധികം വലുതും ഭാരം നിശ്ചിത പരിധിയേക്കാൾ കുറവും ആണെങ്കിൽ പോലും പിഴ ചുമത്താനാണ് റെയിൽവേ തീരുമാനിച്ചിട്ടുള്ളത്. മറ്റ് യാത്രക്കാരുടെ സൗകര്യം കൂടി പരിഗണിച്ചാണ് റെയിൽവേ ഇത്തരത്തിൽ കർശന നടപടിക്ക് നിർബന്ധിതമായിട്ടുള്ളത്.
റെയിൽവേ ലഗേജ് റൂൾ ലൈക്ക് എയർലൈൻസ് എന്നാണ് ഈ പരിഷ്കരണത്തെ അധികൃതർ വിരശഷിപ്പിച്ചിട്ടുള്ളത്. ഇന്ത്യൻ റെയിൽവേയിൽ കോച്ചുകളുടെ കാറ്റഗറി അനുസരിച്ച് സൗജന്യമായി കൊണ്ടുപോകാവുന്ന ലഗേജുകളുടെ പരിധി വ്യത്യസ്ഥമാണ്.ഫസ്റ്റ് ക്ലാസ് എസി കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് 70 കിലോഗ്രാം വരെ ലഗേജ് കൊണ്ടുപോകാൻ അനുവാദമുണ്ട്.
എസി സെക്കന്റ് ക്ലാസ് യാത്രക്കാർക്ക് ഈ പരിധി 50 കിലോഗ്രാമാണ്.തേർഡ് ഏസി, സ്ലീപ്പർ ക്ലാസ് യാത്രക്കാർക്ക് ലഗേജ് പരിധി 40 കിലോഗ്രാമാണ്. ജനറൽ സെക്കന്റ് ക്ലാസ് കോച്ചുകളിൽ യാത്ര ചെയ്യുന്നവർക്ക് 35 കിലോഗ്രാം വരെയും ലഗേജുകൾ സൗജന്യമായി കൊണ്ടുപോകാം.
എന്നാൽ ഇതെല്ലാം വ്യാപകമായി ലംഘിക്കപ്പെടുന്നു. മാത്രമല്ല പരിശോധനകളും കാര്യക്ഷമമായി നടക്കുന്നില്ല. അധിക ലഗേജുകൾ യാത്രക്കാർക്ക് സുഗമമായി ഇരിക്കുന്നതിനും കോച്ചുകളിലൂടെ നടക്കുന്നതിനും വിഘാതം സൃഷ്ടിക്കുന്നുമുണ്ട്. ഇത് അപകടകരമാം വിധം വർധിച്ച പശ്ചാത്തലത്തിലാണ് വ്യവസ്ഥകൾ കർശനമാക്കാൻ റെയിൽവേ മന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചിട്ടുള്ളത്.
- എസ്.ആർ. സുധീർ കുമാർ