മംഗളൂരു: രാജ്യം മുഴുവനും നടുങ്ങിയ ധർമസ്ഥലയിലെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട അന്വേഷണം മാറിമറിയുന്നു. പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി കാണിച്ചുനൽകിയ സ്ഥലങ്ങളിൽ അരക്കോടിയിലേറെ രൂപ ചെലവിട്ട് കുഴിച്ച് പരിശോധന നടത്തിയിട്ടും മനുഷ്യാവശിഷ്ടങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലുകൾക്കായി പരാതിക്കാരനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
എംബിബിഎസ് വിദ്യാർഥിനിയായിരുന്ന മകൾ അനന്യ ഭട്ടിനെ 22 വർഷം മുമ്പ് ധർമസ്ഥലയിൽവച്ച് കാണാതായെന്നുപറഞ്ഞ് പരാതി നൽകിയ ബംഗളൂരു സ്വദേശിനി സുജാത ഭട്ടിനോട് മകളെ സംബന്ധിച്ച വിശദവിവരങ്ങളുമായി ഇന്ന് അന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാകാൻ നോട്ടീസ് നൽകി. ഇതിന് തൊട്ടുപിന്നാലെ തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് മട്ടന്നവറും ടി. ജയന്തും ആവശ്യപ്പെട്ടതുപ്രകാരമാണ് ഇങ്ങനെയൊരു കഥയുമായി രംഗത്തെത്തിയതെന്നും വെളിപ്പെടുത്തി സുജാത മാധ്യമങ്ങൾക്കു മുന്നിലെത്തി.
എംബിബിഎസ് വിദ്യാർഥിനിയായിരിക്കേ കാണാതായ മകളുടെ ഒരു ഫോട്ടോ പോലും സുജാതയുടെ കൈയിലില്ലെന്നത് നേരത്തേ സംശയത്തിന് ഇടനൽകിയിരുന്നു. വിവാദം മുറുകിയപ്പോൾ അനന്യയുടേതെന്ന പേരിൽ സുജാത ഒരു ഫോട്ടോ കാണിച്ചിരുന്നെങ്കിലും അത് ഇവരുടെ മുൻ പങ്കാളിയുടെ മരുമകളുടേതാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
വെളിപ്പെടുത്തലുകൾ തിരിച്ചടിച്ചതോടെ ധർമസ്ഥലയിൽ വീണ്ടും സംഘർഷാവസ്ഥ രൂപപ്പെട്ടു. സുജാത ഭട്ടിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അവരുടെ വീടിനു മുന്നിൽ ജനക്കൂട്ടം തടിച്ചുകൂടി. ആക്ഷൻ കമ്മിറ്റിയുടെ മറ്റൊരു ഭാരവാഹിയായ മുൻ സംഘപരിവാർ നേതാവ് മഹേഷ് ഷെട്ടി തിമ്മരോടിയെ ബിജെപി നേതാക്കളുടെ പരാതിയെ തുടർന്ന് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരന്റെ വിവാദ വെളിപ്പെടുത്തലുകൾക്കു പിന്നിൽ വൻ ഗൂഢാലോചന നടന്നതായാണ് ക്ഷേത്രത്തെ അനുകൂലിക്കുന്നവർ പറയുന്നത്.
ദക്ഷിണ കന്നഡ ജില്ലയിലെ മുൻ കളക്ടറും നിലവിൽ തമിഴ്നാട്ടിൽ നിന്നുള്ള കോൺഗ്രസ് എംപിയുമായ ശശികാന്ത് സെന്തിലിന്റെ നേതൃത്വത്തിലാണ് ഗൂഢാലോചന നടന്നതെന്നും പരാതിക്കാരനും സുജാത ഭട്ടും ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ മഹേഷ് ഷെട്ടി, ഗിരീഷ് മട്ടന്നവർ, ടി.ജയന്ത്, കോഴിക്കോട് സ്വദേശിയായ ലോറി ഉടമ മനാഫ് തുടങ്ങിയവരും ഇതിൽ പങ്കാളികളാണെന്നുമാണ് ആരോപണം.