കോട്ടയം: പുന്നമടക്കായലില്‍ 30ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ ജവഹര്‍ലാല്‍ നെഹ്റു കൈയൊപ്പു ചാര്‍ത്തിയ കപ്പ് പിടിക്കാന്‍ ജില്ലയില്‍നിന്ന് നാലു വള്ളങ്ങള്‍. പലതവണ നെഹ്റു ട്രോഫി സ്വന്തമാക്കിയ കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴയുന്ന പായിപ്പാടന്, ഇമ്മാനുവല്‍ ബോട്ട് ക്ലബ്ബിന്റെ നടുവിലേപ്പറമ്പന്‍, ചങ്ങനാശേരി ബോട്ട് ക്ലബ് തുഴയെറിയുന്ന ചമ്പക്കുളം, മേവള്ളൂര്‍ വെള്ളൂര്‍ ബോട്ട് ക്ലബ്ബിന്റെ ആലപ്പാടന്‍ എന്നീ ചുണ്ടന്‍മാരാണ് ജില്ലയില്‍നിന്ന് പുന്നമടയിലേക്ക് നീങ്ങുക.
ആകെ 21 ചുണ്ടന് വള്ളങ്ങളാണ് നെഹ്റു ട്രോഫിയില്‍ മത്സരിക്കുന്നത്. വിവിധ ഇനങ്ങളില്‍ 71 വള്ളങ്ങള്‍ ഇതോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വീയപുരം, ചെറുതന, കാരിച്ചാല്‍, മേല്‍പ്പാടം, സെന്റ് ജോര്‍ജ്, കരുവാറ്റ, വെള്ളംകുളങ്ങര, ജവഹര്‍, നടുഭാഗം, തലവടി, കരുവാറ്റ ശ്രീവിനായകന്‍, പായിപ്പാടന് 2, ആനാരി, ആയാപറമ്പ് പാണ്ടി, സെന്റ് പയസ് ടെന്ത്, നിരണം, ആനാപറമ്പ് വലിയ ദിവാന്‍ജി എന്നീ ചുണ്ടന് വള്ളങ്ങളില്‍ വിവിധ കരക്കാരും ബോട്ടുക്ലബ്ബുകളും മത്സരത്തിനെത്തും. കൂടാതെ ചുരുളന്‍-3, ഇരുട്ടുകുത്തി (എ)- 5, ഇരുട്ടുകുത്തി (ബി)-18, ഇരുട്ടുകുത്തി (സി)-14, വെപ്പ് എ (5), വെപ്പ് ബി-3 തെക്കനോടി-1, എന്നിവയാണ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഫലം പ്രവചിച്ച് സമ്മാനം നേടാം
കുമരകം: 71-ാമത് ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന് വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്.വിജയിക്ക് ആലപ്പുഴ പാലത്ര ഫാഷന്‍ ജ്വല്ലറി സ്പോണ്സര് ചെയ്യുന്ന പി.ടി. ചെറിയാന് സ്മാരക കാഷ് അവാര്‍ഡ് (10,001 രൂപ) സമ്മാനമായി ലഭിക്കും.
ചുണ്ടന് വള്ളങ്ങളുടെ ഫൈനലില്‍ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എന്‍ട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ തപാൽ കാർഡിൽ എഴുതിയാണ് അയക്കേണ്ടത്. ഒരാള്‍ക്ക് ഒരു വള്ളത്തിന്റെ പേര് മാത്രമേ പ്രവചിക്കാനാകൂ.
ഒന്നിലധികം പേരുകള്‍ അയയ്ക്കുന്നവരുടെ എന്‍ട്രികള്‍ തള്ളിക്കളയും. കാർഡിൽ നെഹ്റു ട്രോഫി പ്രവചനമത്സരം- 2025 എന്നെഴുതണം. 28ന് വൈകുന്നേരം അഞ്ചിനകം ലഭിക്കുന്ന എന്‍ട്രികളാണ് പരിഗണിക്കുക. വിലാസം: കണ്‍വീനര്‍, നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്, ആലപ്പുഴ- 688001. ഫോണ്‍: 0477 2251349.