കൊച്ചി: പ്രണയ ബന്ധം തുടരണമെന്ന പെണ്‍കുട്ടിയുടെ അഭ്യര്‍ഥനമാനിച്ച് ആണ് സുഹൃത്തിനെതിരെയുള്ള പോക്സോ കേസ് റദ്ദാക്കി ഹൈക്കോടതി.
പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പല തവണ പീഡിപ്പിച്ചെന്നാരോപിച്ചാണ് 18കാരനെതിരേ കേസ് എടുത്തത്. വിഷയം ഒത്തുതീര്‍പ്പാക്കിയെന്നും പരാതിയില്ലെന്നും ഇരയും മാതാപിതാക്കളും അറിയിച്ച സാഹചര്യത്തിലാണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്.
കൗമാരകാലത്തെ സ്വഭാവവ്യതിയാനങ്ങള്‍ ക്രിമിനല്‍ കുറ്റമായി മാറിയ സാഹചര്യമാണ് ഈ കേസിലുണ്ടായതെന്ന് കോടതി വിലയിരുത്തി. പെണ്‍കുട്ടിയെ ഹര്ജിക്കാരന് കൂട്ടിക്കൊണ്ടുപോയി പല ദിവസങ്ങളിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് കേസിന് കാരണമായത്. പെണ്‍കുട്ടിക്ക് പതിനേഴര വയസായപ്പോഴായിരുന്നു സംഭവങ്ങള്‍.
ആറുമാസം കൂടി കഴിഞ്ഞാണ് സംഭവങ്ങളെങ്കില്‍ അത് ഉഭയസമ്മതത്തോടെയാണെന്ന് കണക്കാക്കുമായിരുന്നുവെന്നും സിംഗിള്‍ബെഞ്ച് വിലയിരുത്തി. പ്രോസിക്യൂഷന് നടപടികള്‍ തുടരുന്നത് ഹര്‍ജിക്കാരന്റെ ഭാവിക്ക് ദോഷമാകും. പ്രണയബന്ധം വിവാഹത്തിലെത്താനുള്ള സാധ്യതയും ഇല്ലാതാക്കുമെന്നും കോടതി വ്യക്തമാക്കി.