പരവൂർ (കൊല്ലം): കേരളം പ്രതീക്ഷിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ തമിഴ്നാട്ടിലെ ഡിവിഷൻ അടിച്ചെടുത്തു. നാളെ മുതൽ പ്രസ്തുത ട്രെയിൻ മധുര-ബംഗളൂരു കന്റോൺമെന്റ് റൂട്ടിൽ പുതിയ സർവീസായി ആരംഭിക്കും.മംഗളുരു-തിരുവനന്തപുരം റൂട്ടിൽ ഇന്നലെ മുതൽ 20 കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിൻ ഓടിത്തുടങ്ങി.
നിലവിൽ 16 കോച്ചുകളുള്ള ട്രെയിൻ ആണ് 20 ആയി ഉയർത്തിയത്. ഇതേത്തുടർന്ന് 16 കോച്ചുകൾ ഉള്ള ട്രെയിൻ കേരളത്തിലെ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നിലനിർത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതിന് വിപരീതമായി പ്രസ്തുത 16 കോച്ചുകളുള്ള ട്രെയിൻ മധുര ഡിവിഷന് കൈമാറാൻ അധികൃതർ യുദ്ധകാലാടിസ്ഥാനത്തിൽ തീരുമാനിക്കുകയായിരുന്നു.
മാത്രമല്ല അധികമാരും അറിയാതെ പ്രസ്തുത 16 കോച്ചുകളുള്ള റേക്ക് മംഗളുരുവിൽ നിന്ന് മധുരയിൽ എത്തിക്കുകയും ചെയ്തു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും എംപിമാരും അടക്കമുള്ളവർ ഈ കൈമാറ്റം അറിഞ്ഞതുമില്ല. ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ല.
ഈ ട്രെയിൻ ബംഗളുരു-എറണാകുളം റൂട്ടിൽ പുനരാരംഭിക്കണമെന്നായിരുന്നു യാത്രക്കാരുടെയും ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള വിവിധ സംഘടനകളുടെയും ആവശ്യം. സർവീസ് പുനരാരംഭിക്കുന്നതിന് റൂട്ടിൽ സാങ്കേതികമായി ഒരു തടസവും ഇല്ല എന്ന് കേരളത്തിലെ രണ്ട് ഡിവിഷനുകളിലെയും അധികൃതർ തന്നെ സമ്മതിക്കുന്ന കാര്യമാണ്. എന്നാൽ അത് പോലും പരിഗണിക്കാതെയാണ് ട്രെയിൻ മധുര ഡിവിഷന് ധൃതിപിടിച്ച് കൈമാറിയത്.
റേക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അത് ഉപയോഗിച്ചുള്ള പുതിയ സർവീസിന്റെ പ്രഖ്യാപനവും വന്ന് കഴിഞ്ഞു. മധുരയിൽ നിന്ന് ബംഗളൂരു കന്റോൺമെന്റിലേക്കും തിരികെയുമുള്ള പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നാളെ മുതൽ ഓടിത്തുടങ്ങും.ട്രെയിൻ നമ്പർ 20671 മധുര – ബംഗളുരു വന്ദേഭാരത് രാവിലെ 5.15 ന് മധുരയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നിന് ബംഗളുരുവിൽ എത്തും.
തിരികെയുള്ള സർവീസ് (20672) ബംഗളുരുവിൽ നിന്ന് ഉച്ചയ്ക്ക് 1.30 ന് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 9.40 ന് മധുര ജംഗ്ഷനിൽ എത്തും. ഇരു ദിശകളിലും ചൊവ്വാഴ്ചകളിൽ ട്രെയിൻ സർവീസ് ഉണ്ടാകില്ല. ദിണ്ഡുഗൽ ജംഗ്ഷൻ, തിരുച്ചിറപ്പള്ളി ജംഗ്ഷൻ, കാരൂർ ജംഗ്ഷൻ, നാമക്കൽ, സേലം ജംഗ്ഷൻ, കൃഷ്ണരാജപുരം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്.
- എസ്.ആർ. സുധീർ കുമാർ