അബുദാബി: ഏഷ്യ കപ്പ് പുരുഷ ട്വന്റി-20 ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാന് ജയം. ഹോങ്കോംഗിനെ 94 റണ്‍സിനു പരാജയപ്പെടുത്തി. ഇരട്ട റിക്കാർഡുമായി തകർത്തടിച്ച അഫ്ഗാനിസ്ഥാന്റെ അസ്മത്തുള്ള ഒമർസായ് ആണ് കളിയിലെ താരം. സ്കോർ: അഫ്ഗാനിസ്ഥാൻ: 20 ഓവറിൽ 188/6. ഹോങ്കോംഗ് 20 ഓവറിൽ 94/9.
ഒമർസായിയുടെ ചിറകിൽ
അഫ്ഗാൻ വിജയത്തിൽ നിർണായകമായത് മുൻ ലോക ഒന്നാം നന്പർ ഓൾറൗണ്ടർ അസ്മത്തുള്ള ഒമർസായിയുടെ ഇരട്ട റിക്കാർഡ് കുറിച്ച കന്നി അർധസെഞ്ചുറി പ്രകടനം. അഫ്ഗാൻ താരത്തിന്റെ വേഗമേറിയ ട്വന്റി-20 അർധസെഞ്ചുറി, ഏഷ്യ കപ്പിലെ വേഗമേറിയ അർധസെഞ്ചുറി എന്നീ റിക്കാർഡുകളാണ് താരം സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിംഗുമായി കളം നിറഞ്ഞ ഒമർസായി 20 പന്തിൽ അർധസെഞ്ചുറി നേടി. 250 സ്ടൈക്ക്ര് റേറ്റിൽ 21 പന്തിൽ 53 റണ്‍സ് (ഒരു ഫോറും നാല് സിക്സും) അടിച്ചെടുത്തു.
തകർന്ന റിക്കാർഡുകൾ
അർധസെഞ്ചുറിയിൽ ചരിത്രം കുറിച്ച ഒമർസായി മറികടന്നത്, അഫ്ഗാനിസ്ഥാനായി 21 പന്തിൽ അർധസെഞ്ചുറി നേടിയ മുഹമ്മദ് നബിയുടെയും ഗുൽബാദിൻ നായ്ബിന്റെയും റിക്കാർഡാണ്. മുഹമ്മദ് നബി 2017ൽ അയർലൻഡിനെതിരേ 21 പന്തിൽ അർധസെഞ്ചുറി നേടിയപ്പോൾ കഴിഞ്ഞ ജനുവരിയിൽ ബംഗളൂരുവിൽ ഇന്ത്യക്കെതിരേയായിരുന്നു ഗുൽബാദിന്റെ നേട്ടം.
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ പേരിലുള്ള ഏഷ്യ കപ്പിലെ വേഗമേറിയ അർധസെഞ്ചുറി എന്ന റിക്കാർഡും ഒമർസായ് തിരുത്തി. 2022ൽ ഹോങ്കോംഗിനെതിരേയായിരുന്നു സൂര്യകുമാറിന്റെ 22 പന്തിലെ റിക്കാർഡ് വെടിക്കെട്ട്. അഫ്ഗാനിസ്ഥാന്റെ റഹ്മനുള്ള ഗുർബാസും 2022ൽ ശ്രീലങ്കയ്ക്കെതിരേ 22 പന്തിൽ അർധസെഞ്ചുറി നേടിയിരുന്നു.