അടൂർ: ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായത് അഗ്നി രക്ഷാ സേന. ഏഴംകുളം തേപ്പുപ്പാറ സ്വദേശി ഷിഫാസ്(29)നെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂക്കില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ എത്തിച്ചത്.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെ തന്റെ ഉടമസ്ഥതയിലുള്ള ലോറിയിലേക്ക് മീന്‍ ലോഡ് ചെയ്യുന്നതിനിടെ സമീപത്തുണ്ടായിരുന്ന ചൂണ്ട നൂല് കഴുത്തില്‍ കുരുങ്ങുകയായിരുന്നു. നൂലിന്റെ അറ്റത്ത് ഉണ്ടായിരുന്ന ചൂണ്ട അപ്രതീക്ഷിതമായി ഷിഫാസിന്റെ മൂക്കില്‍ കുടുങ്ങുകയും ചെയ്തു.
അടൂര്‍ അഗ്നി രക്ഷാസേന യൂനിറ്റ് എസ്ടിഒ കെ. സി. റെജികുമാര്‍ നേതൃത്വത്തില്‍ എസ്എഫ് ആര്‍ഒ അജീഷ് കുമാർ, ഫയര്‍ റസ്ക്യൂ ഓഫിസര്‍മാരായ അരുണ്‍ജിത്ത്, സന്തോഷ് ജോര്‍ജ് എന്നിവര്‍ ആശുപത്രിയില്‍ എത്തി കട്ടറിന്റെ സഹായത്താല്‍ ചൂണ്ട മുറിച്ച് മാറ്റി മൂക്കില്‍ നിന്നും വേര്‍പെടുത്തി രോഗിയെ അപകടാവസ്ഥയില്‍ നിന്നും ഒഴിവാക്കി.