ചെന്നൈ: കരൂരിൽ നടനും രാഷ്ട്രീയനേതാവുമായ വിജയ്യുടെ നേതൃത്വത്തിൽ നടന്ന റാലിയിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ സംഖ്യ 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65കാരി സുഗുണയാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അഞ്ചു വീതം ആൺകുട്ടികളും പെൺകുട്ടികളും 18 സ്ത്രീകളും 13 പുരുഷന്മാരുമാണ് ദുരന്തത്തിൽ മരിച്ചത്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര് ആശുപത്രി വിട്ടു. അമ്പതിലധികം പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്.
അതേസമയം, സംഭവത്തിൽ അനാസ്ഥ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കരൂർ പോലീസ് ടിവികെ ഭാരവാഹികൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫോറൻസിക് വിദഗ്ധരും അന്വേഷണം തുടങ്ങി.
തമിഴ്നാട് സർക്കാർ നിയോഗിച്ച ഏകാംഗ അന്വേഷണ കമ്മീഷൻ ജസ്റ്റീസ് അരുണ ജഗദീശൻ കരൂർ ആശുപത്രിയിലെത്തി ദുരിതബാധിതരുമായി സംസാരിച്ചു. തിക്കും തിരക്കുമുണ്ടായ സ്ഥലം അവർ പരിശോധിച്ചു. ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു.
മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പ്രതിപക്ഷ നേതാവ് കെ. പളനിസ്വാമി, ബിജെപി നേതാക്കളായ നൈനാർ നാഗേന്ദ്രൻ, കെ. അണ്ണാമലൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, പിഎംകെ നേതാവ് അൻപുമണി രാമദാസ് എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കൾ ആശുപത്രി സന്ദർശിച്ചു.