ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം ചൈനയിലെ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഗൈചൗ പ്രവിശ്യയിലെ രണ്ടു മലകളെ ബന്ധിപ്പിക്കുന്ന പാലം നദീജലനിരപ്പിൽനിന്ന് 625 മീറ്റർ ഉയരത്തിലാണു നിർമിച്ചിരിക്കുന്നത്.
ഹുവാജിയാംഗ് ഗ്രാൻഡ് കാന്യൻ പാലം എന്നാണ് പേര്. 2900 മീറ്റർ നീളമുണ്ട്. ഹുവാജിയാംഗ് ഗ്രാൻഡ് കാന്യൻ മലയിടുക്കിനു കുറുകേയാണ് പാലം. മലയിടുക്ക് കടക്കാൻ വേണ്ടിയിരുന്ന രണ്ടു മണിക്കൂർ യാത്ര പാലം വന്നതോടെ രണ്ടു മിനിറ്റ് മാത്രമായി കുറഞ്ഞു.
പാലത്തിന്റെ ഉറപ്പ് നിരന്തരം നിരീക്ഷിക്കാനായി നാനൂറിലധികം സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. ടൂറിസ്റ്റുകളെ ആകർഷിക്കാനായി പാലത്തിൽ ആകാശ കഫേകളും കാഴ്ച കാണാനുള്ള എലിവേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ഉയരമുള്ള പത്തു പാലങ്ങളിൽ എട്ടും ഗൗചൗവിലാണ്.