കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കുള്ള അപകടവഴി ഒന്നു നന്നാക്കാൻ പോലും കെൽപ്പില്ലാതെ വനംവകുപ്പിനും പരിസ്ഥിതി ഹർജിക്കാർക്കും മുന്നിൽ മുട്ടിടിച്ചു നിൽക്കുകയാണ് സർക്കാർ. ദേശീയപാത-85ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗത്തെ വിപുലീകരണ ജോലിയാണ് ബിജെപി നേതാവിന്റെ ഹർജിയിൽ കോടതി വിലക്കിയതിനെത്തുടർന്നു മൂന്നു മാസത്തോളമായി മുടങ്ങിക്കിടക്കുന്നത്.
ആദ്യം വഴിമുടക്കിയതു വനംവകുപ്പാണെങ്കിലും വഴി വനംവകുപ്പിന്റേതല്ലെന്നു സ്വകാര്യ വ്യക്തികൾ കോടതിയിൽ തെളിയിച്ചതോടെ പിന്മാറി. പിന്നാലെയാണ് പുതിയ ഹർജിക്കാരനെത്തിയത്. ഹർജിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊടുത്ത തെറ്റായ സത്യവാങ്മൂലം തിരുത്താൻ കോടതി രണ്ടുതവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇന്നു മൂന്നാമത്തെ അവസരമാണ്. മണ്ണിടിഞ്ഞും മരം വീണും വണ്ടിയിടിച്ചും മരണമേഖലയായ നേര്യമംഗലം-വാളറ റോഡ് സർക്കാർ നന്നാക്കുമോ? അതോ, വനംവകുപ്പിന്റെയും ബിനാമികളുടെയും താളത്തിനുള്ള തുള്ളൽ തുടരുമോ? ഇന്നറിയാം.
കേരളത്തിന്റെ മലയോര-വനാതിർത്തി മേഖലകളെ വന്യജീവികൾക്കു സുഖവാസകേന്ദ്രവും കർഷകർക്കും ആദിവാസികൾക്കും മരണമേഖലയുമാക്കിയ വനംവകുപ്പാണ് നേര്യമംഗലം-വാളറ റോഡിലും വഴി മുടക്കിയത്. കൊച്ചി-ധനുഷ്കോടി ദേശീയപാത (എൻഎച്ച് 85) 980 കോടി രൂപ മുടക്കി നവീകരിക്കുന്നതിനിടെയാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ വനമായതിനാൽ വീതി കൂട്ടാനോ കാനകൾ നിർമിക്കാനോ സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ലെന്നു പറഞ്ഞ് പണി തടസപ്പെടുത്തിയത്.
വനം മന്ത്രിയും സർക്കാരും നോക്കുകുത്തിയായി നിൽക്കവേ, ഇതിനെതിരേ മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനി കിരൺ സിജു, ഫാം (ഫാർമേഴ്സ് അവെയർനെസ് റിവൈവൽ മൂവ്മെന്റ്) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ബബിൻ ജെയിംസ്, വാളറയിൽ റോഡരികിൽ കരിക്കു വിൽക്കുന്നതിനിടെ വനത്തിൽ അതിക്രമിച്ചു കയറിയെന്ന ആരോപണത്തത്തുടർന്ന് അറസ്റ്റിലായ മീരാൻ എന്നിവരാണ് റോഡ് വനംവകുപ്പിന്റേതല്ലെന്നു പറഞ്ഞു കോടതിയെ സമീപിച്ചത്.
തുടർന്ന്, രാജഭരണകാലം മുതലേ റോഡ് 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തതാണെന്നും നിലവിലുള്ള റോഡിന്റെ നടുവിൽനിന്ന് ഇരുവശങ്ങളിലേക്കും അമ്പത് അടി വീതമുള്ള ഭാഗത്ത് വനംവകുപ്പിന് അവകാശമില്ലെന്നും റോഡുപണിക്കു തടസം നിൽക്കരുതെന്നും 2024 മേയ് 28ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു.
റവന്യു രേഖകൾ പ്രകാരം റോഡ് പുറമ്പോക്ക് എന്നു പറഞ്ഞിരിക്കുന്നതിനാൽ നിർമാണപ്രവർത്തനം നടത്താൻ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയും ആവശ്യമില്ല. അതിനുശേഷം, ഓഗസ്റ്റ് രണ്ടിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത മീറ്റിംഗിൽ, 10 മീറ്റർ വീതിയിൽ ടാറിംഗ് നടത്താമെന്നും വനംവകുപ്പ് തടസം സൃഷ്ടിക്കരുതെന്നും തീരുമാനമായി. പ്രശ്നം ഇവിടെ തീരേണ്ടതായിരുന്നെങ്കിലും ദുരൂഹമായ നീക്കങ്ങളാണ് പിന്നീടുണ്ടായത്.
ഇക്കൊല്ലം ജനുവരി 21നു തുടങ്ങിയ പണി തുടരുന്നതിനിടെയാണ് മരം മുറിച്ചെന്നാരോപിച്ച് ബിജെപി നേതാവ് എം.എൻ. ജയചന്ദ്രൻ കോടതിയിലെത്തിയത്. ഇതിന്റെ ഭാഗമായി, റിസർവ് വനമായിരുന്ന ഇവിടം റവന്യു ഭൂമിയായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നവകാശപ്പെട്ട് വനംവകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
അതായത്, വനംവകുപ്പിന്റേതല്ലെന്നു കോടതി വിധിച്ച 14.5 കിലോമീറ്റർ വനമാണെന്നു വീണ്ടുമൊരു പ്രസ്താവന! 2024 ഓഗസ്റ്റ് രണ്ടിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെടുത്ത തീരുമാനത്തിനു കടകവിരുദ്ധമായി ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നു പറഞ്ഞ് ഇത്തരമൊരു നിലപാട് ബിജെപി നേതാവിന്റെ ഹർജിയോടനുബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചതിൽ ദുരൂഹതയുണ്ട്.
ഇതു പരിഹരിക്കാൻ പുതിയ സത്യവാങ്മൂലം നൽകുമെന്നു സർക്കാർ പറഞ്ഞെങ്കിലും ഓഗസ്റ്റ് 21നും സെപ്റ്റംബർ 18നും കോടതി അനുവദിച്ച തീയതികളിൽ സർക്കാർ ഒരു രേഖയും സമർപ്പിച്ചില്ല. ഇന്ന് അവസാന തീയതി നൽകിയിരിക്കുകയാണ്. ഇന്നലെ ദേശീയപാത സംരക്ഷണ സമിതി റോഡ് ഉപരോധവും ചക്രസ്തംഭന സമരവും നടത്തി. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ, നേര്യമംഗലം-വാളറ റോഡിൽ വനംവകുപ്പിനു കാര്യമില്ലെന്ന് സർക്കാർ ഇന്നു കോടതിയിൽ സത്യവാങ്മൂലം നൽകണം.
മാത്രമല്ല, സർക്കാരിന്റെ തീരുമാനങ്ങളെ ഉദ്യോഗസ്ഥർ അട്ടിമറിച്ചെങ്കിൽ ആ ഗൂഢാലോചന അന്വേഷിക്കണം. ഉത്തരവാദിയിൽനിന്ന് മൂന്നുമാസത്തോളം റോഡ് നിർമാണം മുടക്കിയതിന്റെ നഷ്ടം ഈടാക്കണം.ആർക്കും നിയന്ത്രണമില്ലാത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥഭരണം ജനജീവിതത്തെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്.
വന്യജീവി ആക്രമണത്തിലും കൃഷിനാശത്തിലും വനംവകുപ്പിന്റെ കള്ളക്കേസുകളിലും സഹികെട്ട ജനങ്ങളുടെ ചോര കുടിക്കാൻ നേര്യമംഗലം-വാളറ റോഡിലെ അപകടവളവുകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഹർജിക്കാരുടെയും വേഷത്തിലെത്തുന്ന കള്ളിയങ്കാട്ടു നീലിമാരുണ്ടെങ്കിൽ തളയ്ക്കുകതന്നെ വേണം. ജനം അത്രയ്ക്കു മടുത്തു.