ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിനോടനുബന്ധിച്ച് ആരംഭിച്ച ഗവ. നഴ്സിംഗ് വിദ്യാർഥികൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഥികളും രക്ഷിതാക്കളും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ അനിശ്ചിതകാല സമരം ആരംഭിച്ചു. രണ്ട് ബാച്ചിലായി 120 വിദ്യാർഥികൾ പഠിക്കുന്ന നഴ്സിംഗ് സ്കൂളിൽ താമസസൗകര്യമൊരുക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരമാരംഭിച്ചത്.
മെഡിക്കൽ കോളജിന് സമീപമുണ്ടായിരുന്ന പഴയ സ്കൂൾ കെട്ടിടത്തിലാണ് നിലവിൽ പെൺകുട്ടികൾ താമസിക്കുന്നത്.
ഒരു ചെറിയ മുറിയിൽ 15ലധികം വിദ്യാർഥികളാണ് താമസിക്കുന്നത്. യാതൊരു സൗകര്യവുമില്ലാതെ വിദ്യാർഥികൾ നരകയാതന അനുഭവിക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്. ആൺകുട്ടികൾ സമീപ പ്രദേശത്തുള്ള വീടുകളിൽ പേയിംഗ് ഗസ്റ്റായും താമസിക്കുന്നു.
നവംബറിൽ മൂന്നാമത്തെ ബാച്ചിലെ 60 വിദ്യാർഥികൾകൂടി ഇവിടെ പഠനത്തിനായി എത്തും. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ട് 2024 ഡിസംബർ 20ന് സൂചനാ സമരം നടത്തിയിരുന്നു. അന്നു മുതൽ പലതവണ മെഡിക്കൽ കോളജിലെത്തിയ ആരോഗ്യമന്ത്രി വീണാ ജോർജും ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി റോഷി അഗസ്റ്റിനും ഹോസ്റ്റലുൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും എത്രയും വേഗം ഒരുക്കുമെന്ന് വാഗ്ദാനം ചെയ്തതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ആരോപിക്കുന്നത്.
ആവശ്യത്തിന് അധ്യാപകരോ ലാബ് സൗകര്യങ്ങളോ വാഹന സൗകര്യമോ ഒന്നും ഇവിയെയില്ല.21ന് പ്രാക്ടിക്കൽ പരീക്ഷ നടക്കാനിരിക്കെയാണ് വിദ്യാർഥികൾ അനിശ്ചിതകാല സമരം ആരംഭിച്ചിരിക്കുന്നത്. രാവിലെ നഴ്സിംഗ് സ്കൂളിന് മുന്നിൽനിന്നു വിദ്യാർഥികളും രക്ഷിതാക്കളും പ്രകടനമായി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി.
മണിക്കൂറുകൾ അത്യാഹിത വിഭാഗത്തിന് മുന്നിൽ കുത്തിയിരുന്ന് സമരം നടത്തിയശേഷം പ്രകടനമായി പ്രിൻസിപ്പൽ ഓഫീസിന് മുന്നിൽ തയാറാക്കിയ പന്തലിലെത്തി സമരം തുടരുകയായിരുന്നു. ആവശ്യങ്ങൾ പരിഹരിക്കാതെ സമരത്തിൽനിന്ന് പിൻമറില്ലെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എൻഎസ്എ ചെയർമാൻ ഷെറിൻ രാജു, കെബിൻഎസ്എ പ്രസിഡന്റ്് അലീന ജോൺ, യൂണിയൻ ചെയർപേഴ്സൺ ദേവിക ബിനോയി, പിടിഎ പ്രതിനിധികൾ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.