ബിഹാറിലെ ചെറിയ റെയിൽവേ സ്റ്റേഷനുകളുടെ മേൽക്കൂരകളേക്കാൾ വലിപ്പമുണ്ട് പാറ്റ്നയിൽ മുന്നണികൾ സ്ഥാപിച്ചിട്ടുള്ള തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക്. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് അടുത്തെത്തിയെങ്കിലും കാവിയും ത്രിവർണവും ചുവപ്പും പച്ചയും നിറങ്ങളുള്ള പാർട്ടി തോരണങ്ങളും കൊടികളും വീഥികളിൽ വിരളമാണ്. കേരളത്തിലേതുപോലെ മുക്കിലും മൂലയിലും മതിലുകളിലും പതിപ്പിച്ചിട്ടുള്ള സ്ഥാനാർഥികളുടെ പോസ്റ്ററുകളാണെങ്കിൽ തീരെയില്ല.
എന്നാൽ മഹിളാ സംരംഭകർക്ക് രണ്ട് ലക്ഷം രൂപയെന്നതും തേജസ്വി അടുത്ത മുഖ്യമന്ത്രി എന്നും വിളിച്ചുപറയുന്ന ‘മഹാ’ ബോർഡുകൾ അഞ്ച് വർഷത്തിലൊരിക്കൽ വരുന്ന ‘ഇന്ത്യൻ മഹായുദ്ധം’ ബിഹാറിലെത്തിയെന്ന് ജനങ്ങളെ ഓർമിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും ദരിദ്രസംസ്ഥാനത്തിലെ സാധാരണക്കാർ അന്നന്നത്തെ അന്നത്തിനായി ഓടുകയാണെങ്കിലും തെരഞ്ഞെടുപ്പ് ചർച്ചകൾ അതിനിടയിലും ചൂടേറിത്തന്നെ. നിതീഷ് കുമാറിന്റെ ആരോഗ്യവും ജംഗിൾ രാജും മുന്നണികളുടെ സൗജന്യവും തൊഴിലില്ലായ്മയും ആളുകൾ സംസാരിച്ചുകൊണ്ടേയിരിക്കുന്നു.
തല തുടരുമോ, തലമുറ മാറുമോ?
ഇരുപത് വർഷത്തിനടുത്ത് ഒരു ജനാധിപത്യ സർക്കാരിന്റെ തലപ്പത്തിരിക്കുന്ന നിതീഷ് കുമാർ എന്ന പേരു തന്നെയാണ് 2025 ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ശ്രദ്ധാകേന്ദ്രം. നിതീഷ് കുമാർ അടുത്ത മുഖ്യമന്ത്രി ആകുമോയെന്നതിൽ ഒഴിഞ്ഞുമാറിയും വഴുതിമാറിയുമൊക്കെയാണ് എൻഡിഎ പ്രതികരിക്കുന്നതെങ്കിലും നിതീഷിന്റെ നേതൃത്വത്തിൽ തന്നെയാണ് ബിഹാറിൽ എൻഡിഎ ജനപിന്തുണ തേടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വ്യക്തമാക്കിക്കഴിഞ്ഞു. രണ്ട് പതിറ്റാണ്ടായി ബിഹാർ മുഖ്യമന്ത്രി എന്ന പദവി തന്റെ പേരിനോട് തുന്നിയിട്ടിരിക്കുന്നതാണ് നിതീഷിനെ തനിക്കു മുന്നിൽപോലും നിർത്താൻ മോദിയെ പ്രേരിപ്പിച്ചതെങ്കിലും മുഖ്യമന്ത്രിപദവിയിലെ നിതീഷിന്റെ ഈ നീണ്ട ഭരണകാലയളവ് നേട്ടമെന്നതുപോലെതന്നെ ജനവിധിയിൽ തിരിച്ചടിയാകുമെന്നാണ് ബിഹാറിലെ വോട്ടർമാർ ചൂണ്ടിക്കാട്ടുന്നത്.
19 വർഷത്തെ നിതീഷ് സർക്കാരിന്റെ ഭരണത്തിൽ ബിഹാറിൽ എന്താണില്ലാത്തതെന്ന് ചിലർ ചോദിക്കുന്പോൾ ഇത്രയും വർഷം കിട്ടിയിട്ടും ഇപ്പോഴാണോ മാറ്റത്തിനുള്ള വാഗ്ദാനങ്ങൾ കൊണ്ടുവരുന്നതെന്നാണ് മറ്റു ചിലരുടെ ചോദ്യം. നിതീഷിന്റെ കീഴിൽ റോഡുകൾ വികസിച്ചു, ഗംഗയ്ക്കു മീതെ പാലങ്ങൾ വന്നു, ഗ്രാമങ്ങളിൽ പാതകൾ രൂപപ്പെട്ടു, പാറ്റ്ന മെട്രോ വന്നു, ഗ്രാമങ്ങളിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരമായി, നളന്ദയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം വന്നു, സ്ത്രീകളുടെ അക്കൗണ്ടുകളിൽ പതിനായിരം രൂപ വന്നു എന്നെല്ലാം ‘സർക്കാർ കിസീ ഭീ ഹോ, മുഖ്യമന്ത്രി തോ നിതീഷ് ഹീ ബനേഗാ’ (ആര് സർക്കാരുണ്ടാക്കിയാലും മുഖ്യമന്ത്രി നിതീഷ് കുമാറായിരിക്കും) എന്ന വികാരമുള്ളവർ ഉയർത്തിക്കാട്ടുന്നു.
എന്നാൽ, ഇത്ര വർഷം ഭരിച്ചിട്ടും ദാരിദ്ര്യത്തിലും തൊഴിലില്ലായ്മയിലും മുന്നിലുള്ള ബിഹാറിൽ പുതിയ സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്ന വോട്ടർമാർ നിതീഷിന്റെ നേട്ടങ്ങളിൽതന്നെ കോട്ടങ്ങളും ചൂണ്ടിക്കാട്ടുന്നവരാണ്. നിതീഷിന്റെ കാലയളവിൽ നിർമിച്ചിട്ടുള്ള പാലങ്ങളിൽ 15ലധികം കഴിഞ്ഞ വർഷം മാത്രം തകർന്നുവീണതും യുവാക്കളുടെ തൊഴിലില്ലായ്മയും പലായനവും സാമൂഹ്യക്ഷേമ പദ്ധതികൾ സാധാരണക്കാരിലേക്കെത്താത്തതും ഉദ്യോഗസ്ഥ തലത്തിലുള്ള അഴിമതിയും എൻഡിഎ സർക്കാരിന്റെ വീഴ്ചകളായി പറയുന്നവരുണ്ട്.
2013ൽ സംസ്ഥാന സർക്കാർ ഡിപിആർ അനുമതി നൽകിയ പാറ്റ്ന മെട്രോ പദ്ധതി തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് കേവലം നാല് കിലോമീറ്റർ മാത്രം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തതും സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പതിനായിരം രൂപ ഇട്ടു നൽകിയതും തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായി വിലയിരുത്തുന്ന വോട്ടർമാരെയും പാറ്റ്നയിൽ കണ്ടു. മാനദണ്ഡങ്ങളെല്ലാം പാലിച്ചിട്ടും തങ്ങളുടെ അക്കൗണ്ടുകളിൽ പതിനായിരമെത്തിയില്ലെന്ന് പരിഭവം പറയുന്ന സ്ത്രീകളും അക്കൂട്ടത്തിലുണ്ടായിരുന്നു.
ഇത്തരമൊരു ഭരണത്തിന് ബദലായി യുവനേതാവെന്ന പ്രതിച്ഛായ ഉയർത്തിക്കാട്ടി ഭരണമാറ്റം എന്ന ആവശ്യം ആളിക്കത്തിക്കാനാണ് തേജസ്വി യാദവിന്റെ ശ്രമം. യുവാവായ തേജസ്വി മുന്നോട്ട് വയ്ക്കുന്ന ‘സർക്കാർ ജോലി’യുടെ രാഷ്ട്രീയം ബിഹാറിന്റെ ആഭ്യന്തര പ്രശ്നങ്ങളുടെ ഭാവിയെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്. എന്നാൽ തന്റെ മാതാപിതാക്കളായ ലാലുപ്രസാദ് യാദവും റാബ്രി ദേവിയും മുഖ്യമന്ത്രിമാരായ കാലത്തുള്ള ‘ജംഗിൾ രാജും’ യാദവ് കുടുംബത്തിന്റെ അഴിമതിക്കറകളും സുശാസൻ (നല്ല ഭരണം) ബാബു എന്ന പേരിലറിയപ്പെടുന്ന 74കാരനായ നിതീഷ് കുമാറിന് 35കാരനായ തേജസ്വി പകരക്കാരനാകുമോ എന്ന ചോദ്യം ബിഹാറിലെ വോട്ടർമാർക്കിടയിൽ ഉയർത്തുന്നുണ്ട്.
ഇതിനിടയിൽ മോദി എന്ന എക്സ് ഫാക്ടറിന്റെ പ്രഭാവവും വോട്ടർമാർക്കിടയിൽ ആഴത്തിലിറങ്ങിച്ചെല്ലുന്നു. നിതീഷിനോളവും തേജസ്വിക്കൊപ്പവും തലപൊക്കമുള്ള നേതാവ് ബിഹാറിൽ ബിജെപിക്കില്ലെങ്കിലും ‘മോദി പ്രഭാവം’ ഇപ്പോഴും വോട്ടർമാർക്കിടയിൽ വീശുന്നുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രിയോളം തരംഗം സൃഷ്ടിക്കുന്നില്ലെങ്കിലും ജനങ്ങളിൽനിന്ന് 50 അടി ദൂരെ മാറിനിന്ന് പ്രചാരണം നടത്തുന്ന മോദിയുടെ പ്രചാരണത്തിനു ബദലായി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്നു പ്രചാരണം നടത്തുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പേരും ബിഹാറിലെ ജനങ്ങൾക്കിടയിൽ ചർച്ചയാകുന്നുണ്ട്. തേജസ്വി ഉയർത്തിപ്പിടിക്കുന്ന യുവത്വത്തിന്റെ മാറ്റത്തിനു രാഹുലിന്റെ സാന്നിധ്യവും ഊർജമാകുന്നു.
പ്രവചനാതീതം
2013ൽ മോദിയെ പ്രധാനമന്ത്രിസ്ഥാനാർഥിയായി എൻഡിഎ പ്രഖ്യാപിച്ചതു മൂലം മുന്നണി വിട്ട നിതീഷ് കുമാർ 12 വർഷത്തിനു ശേഷം ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മോദിയോടൊപ്പം വോട്ട് തേടുന്നുവെന്നത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രത്യേകിച്ച് ബിഹാർ രാഷ്്ട്രീയത്തിന്റെ, ചാണക്യതന്ത്രങ്ങളുടെ കൈമാറ്റത്തിന്റെ കളിയാണ്. അവിടെ ജെഡിയു, ബിജെപി, ആർജെഡി, കോണ്ഗ്രസ് എന്നീ ചതുർകോണ പാർട്ടികളോടൊപ്പം മറ്റു സഖ്യകക്ഷികളും പിടിച്ചെടുക്കുന്ന വോട്ടുകൾ നിർണായകമാകും.
തൂക്കുകക്ഷി മന്ത്രിസഭയ്ക്കുള്ള സാധ്യത ബിഹാറിലുണ്ടെന്ന ദേശീയ മാധ്യമങ്ങളുടെ പ്രവചനത്തോടൊപ്പം അസദുദ്ദീൻ ഒവൈസിയുടെ ഗ്രാൻഡ് ഡെമോക്രാറ്റിക് അലയൻസ് എന്ന മൂന്നാം മുന്നണിയെയും പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയെയും ചേർത്തുവായിച്ചാൽ ബിഹാറിൽ ആരു ഭരണത്തിലെത്തുമെന്നത് നവംബർ 14ലെ വോട്ടെണ്ണലിനു ശേഷവും പ്രവചനാതീതമാണ്.
ബിഹാറിലെ ഭരണത്തെ തീരുമാനിച്ചേക്കാവുന്ന മുസ്ലിം ഭൂരിപക്ഷമുള്ള സീമാഞ്ചൽ ജില്ലകളിൽ ഒവൈസിയുടെ ഐഐഎംഐഎം പാർട്ടിക്കുള്ള സ്വാധീനം മുസ്ലിം വോട്ടർമാരിൽ നിർണായക സ്വാധീനമുള്ള ജെഡിയുവിനും ആർജെഡിക്കും കോണ്ഗ്രസിനും തിരിച്ചടിയാകുമെന്നാണ് കണക്കുകൂട്ടൽ. 24 നിയമസഭാ മണ്ഡലങ്ങളുള്ള സീമാഞ്ചലിൽ ബിജെപിയുടെ ബി ടീം എന്ന് ആക്ഷേപമുള്ള ഐഐഎംഐഎം 2020ലെ തെരഞ്ഞെടുപ്പിൽ നേടിയത് അഞ്ച് സീറ്റുകളാണ്. ഇത് മനസിലാക്കിക്കൊണ്ടു തന്നെ സീമാഞ്ചലിൽ ശ്രദ്ധയൂന്നിയാണ് ഒവൈസിയുടെ തെരഞ്ഞെടുപ്പ് പര്യടനം.
ഒരുകാലത്ത് മറ്റു പാർട്ടികൾക്ക് തന്ത്രമൊരുക്കി ഇപ്പോൾ സ്വന്തം നേട്ടത്തിനായി തന്ത്രങ്ങൾ മെനയുന്ന ബിഹാറിലെ ‘ഗെയിം ചേഞ്ചർ’ പ്രശാന്ത് കിഷോറാകട്ടെ, മഹാസഖ്യത്തിന്റെയും എൻഡിഎയുടെയും വോട്ടുകളിൽ കൃത്യമായ വിള്ളൽ വീഴ്ത്തി, ജൻ സുരാജിനെ ഏതെങ്കിലുമൊരു മുന്നണിയെ താങ്ങിനിർത്താനുള്ള ശക്തിയാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. മഹാസഖ്യത്തിനും എൻഡിഎയ്ക്കും കൂടി ബിഹാറിൽ 72 ശതമാനം വോട്ടേയുള്ളൂവെന്നും ശേഷിക്കുന്ന 28 ശതമാനം, അതായത് ബിഹാറിന്റെ മൂന്നിലൊന്ന്, ഇരു മുന്നണികളുടെയും പുറത്താണെന്നും പ്രശാന്ത് കണക്കുകൂട്ടി പറയുന്നു.
ഈ വോട്ടുകൾ നേടിയെടുത്ത് ഈ തെരഞ്ഞെടുപ്പിൽ 15-20 സീറ്റുകൾ വരെ വിജയിച്ചാൽപോലും ഏതു മുന്നണിയെയാണ് താൻ പിന്തുണയ്ക്കുകയെന്ന് വ്യക്തമാക്കാത്ത പ്രശാന്ത് കിഷോറിനു നേട്ടമാണ്. തൂക്കുകക്ഷി മന്ത്രിസഭ നിലവിൽ വന്നാൽ താൻ നേടിയെടുത്ത സീറ്റുകൾകൊണ്ട് വില പേശാനായിരിക്കും പ്രശാന്ത് കിഷോർ ശ്രമിക്കുക. ശത്രുവിന്റെ ശത്രു മിത്രമെന്നും ഏതു ശത്രുതതയും ശാശ്വതമല്ലെന്നുമുള്ള ആപ്തവാക്യങ്ങൾ പിന്തുടരുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ധർമയുദ്ധത്തിൽ കക്ഷികൾ എങ്ങോട്ടു വേണമെങ്കിലും ചാഞ്ചാടാമെന്ന അവസ്ഥ നിലനിൽക്കുന്നുണ്ട് ബിഹാറിൽ. ആരു ഭരണത്തിൽ വന്നാലും രാജ്യത്തെക്കാൾ കാൽ പതിറ്റാണ്ട് പിന്നിലോടുന്ന ബിഹാറിൽ വിപ്ലവകരമായ മാറ്റം വേണമെന്നാണ് പക്ഷപാതമില്ലാതെ ജനങ്ങൾ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്.
പാറ്റ്നയിൽനിന്ന് സീനോ സാജു

