തളിപ്പറമ്പ്: കുറുമാത്തൂർ പൊക്കുണ്ട് ഡയറി സലഫി മസ്ജിദിന് സമീപത്തെ രണ്ടുമാസം പ്രായമുള്ള കുട്ടി കിണറ്റിൽ വീണ് മരണപ്പെടാനിടയായ സംഭവത്തിൽ അമ്മ എം.പി. മുബഷീറയുടെ അറസ്റ്റ് രേഖപ്പെടുത്തി. തളിപ്പറന്പ് ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രൻ, സിഐ ബാബുമോൻ, എസ്ഐ ദിനേശൻ കോതേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെയും ഇന്നുമായി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു ഹിലാൽ മൻസിലിലെ ജാബിറിന്റെ മകൻ ആമീഷ് അലൻ ജാബിറിനെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. കുളിപ്പിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീണുവെന്നാണ് കുട്ടിയുടെ അമ്മ മുബഷീറ പറഞ്ഞിരുന്നത്. നാട്ടുകാരനായ പി.പി. നാസർ 24 കോൽ താഴ്ചയുള്ള കിണറ്റിലിറങ്ങി കുഞ്ഞിനെ പുറത്തെടുത്ത് സഹകരണാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുമ്പ് ഗ്രില്ലും ആൾമറയുമുള്ള കിണറിൽ കുട്ടി വീണുവെന്ന് പറഞ്ഞത് തുടക്കം മുതൽ പോലീസിന് സംശയമുണർത്തിയിരുന്നു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിലെ ഡോക്ടറെ സ്ഥലത്തെത്തിച്ച് പോലീസ് ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചിരുന്നു.
വനിതാ പോലീസിന്റെ നേതൃത്വത്തില്‍ മുബഷീറയെ ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കിണറില്‍ എറിയുകയാണെന്ന് വ്യക്തമായത്. ശാസ്ത്രീയമായ മുഴുവന്‍ തെളിവുകളും ശേഖരിച്ചശേഷം മാത്രമാണ് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തിയത്.

