ഡയാലിസിസ് ചികിത്സയിൽ അല്പം കൂടി ഉത്തമമായ രീതി ഹോം ഡയാലിസിസ് ആണ്, CAPD എന്നറിയപ്പെടുന്ന കണ്ടിന്യൂവസ് ആംബുലേറ്ററി പെരിടോണിയല്‍ ഡയാലിസിസ്.
CAPD ചെയ്യുന്നത് എങ്ങനെ?
ഡയാലിസേറ്റ് (ഡയാലിസിസ് ദ്രാവകം) CAPD കത്തീറ്റര്‍ വഴി ഉദരത്തില്‍ നിറയ്ക്കുന്നു. ഒരു സമയത്ത് 2-3 ലിറ്റര്‍ വരെ നിറയ്ക്കാം. ഒരു നിശ്ചിത സമയം ഈ ദ്രാവകം (2-6 മണിക്കൂര്‍) ഉദരത്തില്‍ തന്നെ നിലനിര്‍ത്തുന്നു.
ഈ സമയം രോഗിയുടെ ശരീരത്തിലെ പാഴ് വസ്തുക്കളും അധിക ദ്രാവകങ്ങളും രക്തത്തില്‍ നിന്ന് പെരിട്ടോണിയം വഴി ഡയാലിസിറ്റിലേക്ക് ഊര്‍ന്നിറങ്ങുന്നു. നിശ്ചിത സമയം കഴിഞ്ഞ് ഈ ദ്രാവകം പുറത്തേക്ക് ഒഴുക്കുന്നു.
മുകളില്‍ പറഞ്ഞ പ്രക്രിയയെ എക്സ്ചേഞ്ച് എന്നാണു പറയുന്നത്. ഒരു രോഗിക്ക് ശരാശരി ഒരു ദിവസം രണ്ടു മുതല്‍ നാല് എക്സ്ചേഞ്ചുകള്‍ വരെ നടത്തേണ്ടതായി വരാം.
പലതരത്തിലുള്ള ഡയാലിസിസ് ദ്രാവകങ്ങള്‍ ഉണ്ട് (1.5%, 2.5%, 4.5%). ഒരു രോഗിക്ക് ഒരു ദിവസം എത്ര എക്സ്ചേഞ്ച് വേണമെന്നും ഏതുതരം ഡയാലിസേറ്റ് ഉപയോഗിക്കണമെന്നും പരിചരിക്കുന്ന നെഫ്രോളജിസ്റ്റ് തീരുമാനിക്കും.
CAPD ചെയ്യുന്നതിനു മുമ്പായിരോഗിയുടെ ശുശ്രൂഷകന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
1. വൃത്തിയും വെടിപ്പുമുള്ള ഒരു മുറി ഇതിനായി വീട്ടില്‍ തയാറാക്കണം.
2. നിശ്ചയദാര്‍ഢ്യവും ആത്മാര്‍ഥതയും കാര്യങ്ങള്‍ സാമാന്യരീതിയില് മനസിലാക്കാന്‍ ശേഷിയും ഉള്ള ഒരു ശുശ്രൂഷകന് വേണം (അത് ജീവിത പങ്കാളിയോ മാതാപിതാക്കളോ മക്കളോ ആകാം).
3. CAPD ദിവസവും ചെയ്യേണ്ട ഒരു പ്രക്രിയയാണ്. അത് ഒരു ദിവസം പോലും മുടങ്ങാതെ ചെയ്യാനുള്ള ആത്മസമര്‍പ്പണവും മാനസിക സന്നദ്ധതയും തുടക്കത്തിലേ വേണം.
CAPD എത്ര തരം?
രണ്ടുതരം
1. മെഷീന് സഹായമില്ലാതെ നിര്‍വഹിക്കപ്പെടുന്ന CAPD
2. മെഷീൻ സഹായത്തോടെ നിര്‍വഹിക്ക പ്പെടുന്ന ഓട്ടോമേറ്റഡ് പെരിടോണിയല്ഡയാലിസിസ്.

(തുടരും)

